BREAKING NEWSKERALALATESTNEWSPOLITICS

‘കേരളം കണ്ട അതുല്യ വ്യക്തിത്വം’; എംപി വിരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചിച്ച് നേതാക്കള്‍

തിരുവനന്തപുരം: എംപി വിരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് നേതാക്കള്‍. മന്ത്രി കെ കൃഷ്ണന്‍ കുട്ടി, എകെ ആന്റണി, എംജി രാധാകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കളാണ് അദ്ദേഹത്തിന് അനുശോചമറിയിച്ചത്. എംപി വീരേന്ദ്രകുമാറുമായുള്ള ആത്മ ബന്ധം വിവരിക്കാന്‍ വാക്കുകളില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. വ്യക്തിപരമായി എല്ലാ വളര്‍ച്ചയിലും ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് വീരേന്ദ്രകുമാറിന്റേതെന്ന് മന്ത്രി അനുസ്മരിച്ചു. കേരളം കണ്ട അതുല്യ വ്യക്തിത്വമായിരുന്നു വീരേന്ദ്രകുമാറെന്നായിരുന്നു എകെ ആന്റണിയുടെ പ്രതികരണം. 1964ല്‍ കെ എസ് യു പ്രസിഡന്റ് അയതിന് ശേഷം ആദ്യമായി വയനാട് സന്ദര്‍ശിച്ചപ്പോഴാണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. രണ്ട് ദിവസത്തിന് മുമ്പാണ് ഏറ്റവും ഒടുവില്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്. അത് അവസാനത്തെ ടെലഫോണ്‍ വിളിയാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനപ്പുറത്ത് ഒരു ഗുരുനാഥനെ പോലെയാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ എനിക്ക് അഗാധമായ ദുഃഖമുണ്ട്. എന്നതായിരുന്നു എകെ ആന്റണിയുടെ വാക്കുകള്‍.

കേരളത്തിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്നു എം. പി. വീരേന്ദ്രകുമാറെന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്‍. മികച്ച ഭരണാധികാരി, എഴുത്തുകാരന്‍, വാഗ്മി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും ഇടതു ജനാധിപത്യ മുന്നണിക്കും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും മന്ത്രി അനുസ്മരിച്ചു.

എംപി വീരേന്ദ്രകുമാറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മമ്മൂട്ടി. അദ്ദേഹവുമായി അടുത്ത ആത്മബന്ധം പുലര്‍ത്തിയിരുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തോട് സംസാരിച്ചിട്ട് അധികനാള്‍ ആയിട്ടില്ല. അസുഖമാണെന്ന് അറിയാമായിരുന്നു. പക്ഷേ ഇത്ര പെട്ടെന്നുള്ള ഒരു വിയോഗം പ്രതീക്ഷിച്ചില്ലെന്നും മമ്മൂട്ടി കുറിച്ചു. രാഷ്ടീയ രംഗത്തും സാഹിത്യരംഗത്തും സാമൂഹ്യരംഗത്തും പരിസ്ഥിതി രംഗത്തും ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച അദ്ദേഹം തന്നോട് വലിയ സൗഹൃദമാണ് കാട്ടിയതെന്നും മമ്മൂട്ടി പറയുന്നു.

എം പി വീരേന്ദ്രകുമാര്‍ എംപിയുടെ നിര്യാണത്തില്‍ കേരളഭൂഷണം എംഡിയും ചീഫ് എഡിറ്ററുമായ ഡോ. കെ.സി. ചാക്കോ അനുശോചനം രേഖപ്പെടുത്തി.

Tags

Related Articles

Back to top button
Close