BREAKING NEWSFeaturedKERALAMOBILETECH

കേരളം മൊബൈലില്‍ സംസാരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് കാല്‍ നൂറ്റാണ്ട്

മലയാളി ജീവിതത്തിന്റെ നല്ലൊരു ഭാഗവും കൈയില്‍ കൊണ്ടുനടക്കുന്നത് അല്ലെ സന്തതസഹചാരിയായി കൂടെയുള്ളത് മൊബൈല്‍ ഫോണ്‍ ആണ്. ആ വാര്‍ത്ത വിതരണ ഉപകരണം മലയാളിക്ക് സ്വന്തമായിട്ട് ഇന്ന് 25 വര്‍ഷം തികയുന്നു. 1996 സെപ്റ്റംബര്‍ 17നായിരുന്നു അത്. പ്രതിവര്‍ഷം അരക്കോടി മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമാണ് ഇപ്പോള്‍ കേരളം. മൂന്നരക്കോടി ജനങ്ങളുള്ള കേരളത്തില്‍ ഇപ്പോഴുള്ളത് 4.5 കോടി മൊബൈല്‍ കണക്ഷനുകളാണ്.
മൊബൈല്‍ ഫോണ്‍ നാള്‍വഴികളിലൂടെ
* ഇന്ത്യയില്‍ ആദ്യം തുടങ്ങിയത് 1995 ജൂലായ് 31ന്. അന്നത്തെ കേന്ദ്ര ടെലികോം മന്ത്രി സുഖ്‌റാം ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവിനെ മൊബൈലില്‍ വിളിച്ച് തുടക്കം. ഹാന്‍ഡ്‌സെറ്റ് നോക്കിയ. സേവനദാതാവ് മോഡി ടെല്‍സ്ട്രാസ് മൊബൈല്‍ നെറ്റ് സര്‍വീസ്. (കമ്പനി ഇപ്പോളില്ല).
* കേരളത്തില്‍ തുടക്കം 1996 സെപ്റ്റംബര്‍ 17ന്. തകഴി ശിവശങ്കരപ്പിള്ള, കൊച്ചിയിലെ ദക്ഷിണ മേഖലാ നാവിക സേനാ മേധാവി എ.ആര്‍. ടണ്ഠണുമായി സംസാരിച്ചായിരുന്നു ഉദ്ഘാടനം. ഹാന്‍ഡ്‌സെറ്റ്‌നോക്കിയ. സേവനദാതാവ് എസ്‌കോട്ടെല്‍(ഇപ്പോഴത്തെ ഐഡിയ).
* അന്ന് ഔട്ട്‌ഗോയിങ് കോളിന് മിനിറ്റിന് 16.80 രൂപ. ഇന്‍കമിങ് കോളിന് 8.40 രൂപ. 2 ജി സര്‍വീസായിട്ടായിരുന്നു തുടക്കം. പ്രധാനനഗരങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന സര്‍വീസ്. എസ്‌കോട്ടെല്‍, ബി.പി.എല്‍.യു.എസ്.വെസ്റ്റ് എന്നീ കമ്പനികള്‍ മാത്രം.
ഹാന്‍ഡ്‌സെറ്റുകളില്‍ നോക്കിയയ്ക്കായിരുന്നു ആധിപത്യം. 1610 എന്ന മോഡല്‍ പേരുള്ള വാക്കിടോക്കി പോലുള്ള ഹാന്‍ഡ്‌സെറ്റില്‍ തുടക്കം. കാല്‍കിലോഗ്രാം ഭാരം. എസ്.എം.എസ്. അയയ്ക്കാന്‍ കഴിയില്ല. 20,000 മുതല്‍ മേലോട്ടായിരുന്നു വില. പിന്നീടുവന്ന 3310 എന്ന മോഡല്‍ ഏറെ പ്രചാരമുണ്ടാക്കി. മൊബൈലില്‍ ടോര്‍ച്ച് സൗകര്യമുള്ള 1100 മോഡലാണ് പിന്നീട് വന്നത്. ഇറങ്ങിയപ്പോള്‍ 9000 രൂപയായിരുന്നു ഇതിന്റെ വില. മോട്ടറോളയായിരുന്നു നോക്കിയയുടെ പ്രധാന എതിരാളി.
* 2000ല്‍ എയര്‍ടെല്‍ കേരളത്തിലെത്തി. എല്ലാവര്‍ക്കും ഒരേ താരിഫ്. സാധാരണക്കാരന്‍ ‘മൊബൈലാവാന്‍’ അപ്പോഴും മടിച്ചുനിന്നു.
* 2002ല്‍ ബി.എസ്.എന്‍.എല്‍. മൊബൈല്‍ രംഗത്തെത്തി. ഇന്‍കമിങ് സൗജന്യം എന്ന ആകര്‍ഷണം. ഔട്ട്‌ഗോയിങ് നിരക്ക് 16.80 രൂപയില്‍ നിന്ന് 8.40 രൂപയാക്കി. അതോടെ എല്ലാ കമ്പനികളും ഇന്‍കമിങ് സൗജന്യമാക്കി. പിന്നീട് ഔട്ട്‌ഗോയിങ് നിരക്ക് മിനിറ്റിന് രണ്ടുരൂപയിലേക്ക് എല്ലാവരും താഴ്ത്തി.
* സോണി എറിക്‌സണ്‍, അല്‍ക്കാടെല്‍, സീമെന്‍സ് തുടങ്ങിയ ഹാന്‍ഡ് സെറ്റുകള്‍കൂടി വിപണിയിലെത്തിയെങ്കിലും നോക്കിയയുടെ ആധിപത്യം തുടര്‍ന്നു.
* 2002 അവസാനം പുതിയ ടെലികോം നയത്തിന്റെ തുടര്‍ച്ചയായി സേവനദാതാക്കളുടെ എണ്ണം കൂടി. രാജ്യത്ത് 420ഉം കേരളത്തില്‍ 10ഉം കമ്പനികള്‍ 2ജി സേവനവുമായി കളത്തില്‍.
എസ്‌കോട്ടെല്‍, ഹച്ച്(ബി.പി.എല്‍.), ബി.എസ്.എന്‍.എല്‍., എയര്‍ടെല്‍, റിലയന്‍സ്, ടാറ്റ ഡോക്കോമോ, യൂണിനോര്‍, എയര്‍സെല്‍, എം.ടി.എസ്.(ഡേറ്റ മാത്രം), വിഡിയോകോണ്‍ എന്നിവയാണ് കേരളത്തിലുണ്ടായിരുന്നവ.
* 2004ല്‍ എസ്‌കോട്ടെല്ലിനെ ഐഡിയ വാങ്ങി. 2006ല്‍ ബി.പി.എലിനെ ഹച്ച് വാങ്ങി. 2007ല്‍ ഹച്ചിനെ വൊഡാഫോണ്‍ വാങ്ങി. 2017ല്‍ ഐഡിയയും വോഡാഫോണും ഒന്നായി.
* ജി.പി.ആര്‍.എസ്. സാങ്കേതികവിദ്യ സേവനദാതാക്കള്‍ ഏര്‍പ്പെടുത്തിയതോടെ നേരിയ തോതില്‍ ഫോണില്‍ ഇന്റര്‍നെറ്റ് കിട്ടാന്‍ തുടങ്ങി. ആദ്യം ഗൂഗിള്‍ എന്ന സൈറ്റ് ഓപ്പണ്‍ ആവാന്‍ ചുരുങ്ങിയത് രണ്ടുമിനിറ്റ് എടുത്തിരുന്നു.
* 2005 ആയപ്പോഴേക്കും എഡ്ജ്(എന്‍ഹാന്‍സ്ഡ് ഡേറ്റ് റേറ്റ്‌സ് ഫോര്‍ ജി.പി.ആര്‍.എസ്.) എന്ന സാങ്കേതികവിദ്യ വന്നു. ഡേറ്റയ്ക്ക് കുറച്ചു കൂടി വേഗം വന്നു.
* 2010ല്‍ 3ജി യുമായി ബി.എസ്.എന്‍.എല്‍. എത്തി. അപ്പോഴേക്കും കീപാഡ് ഹാന്‍ഡ് സെറ്റില്‍ നിന്ന് ടച്ച് ഫോണുകളിലേക്ക് മാറ്റം. സാംസങ് ആയിരുന്നു ഈ രംഗത്ത് മുന്നില്‍. സോണി എറിക്‌സണ്‍, ആപ്പിള്‍, വാവേ, എച്ച്.ടി.സി., എല്‍.ജി. തുടങ്ങിയ കമ്പനികള്‍ കേരളത്തിലുമെത്തി.
* ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം തൊട്ടു പിന്നാലെ വന്നതോടെ സ്മാര്‍ട്ട് ഫോണുകളിലേക്കുള്ള ഒഴുക്കു തുടങ്ങി. നോക്കിയയ്ക്ക് വിന്‍ഡോസ് പ്ലാറ്റ്‌ഫോമായതിനാല്‍ വിപണിയില്‍ പിന്നാക്കം പോയി. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവുമായി ആപ്പിളും രംഗത്ത്.
* 2011ല്‍ ടാറ്റ ഡോക്കോമോ സെക്കന്‍ഡ് ക്രമത്തില്‍ നിരക്ക് ഈടാക്കാന്‍ തുടങ്ങിയത് വിപ്ലവമുണ്ടാക്കി. ഡോക്കോമോയിലേക്ക് വലിയ ഒഴുക്ക്. ഇതോടെ എല്ലാ കമ്പനികളും സെക്കന്‍ഡ് പള്‍സ് നിരക്കിലേക്ക് മാറി. പ്രീപെയ്ഡ് കണക്ഷനുകള്‍ കൂടുതല്‍ ജനപ്രിയമായി.
* ടവറുകളുടെ പങ്കിടല്‍ വ്യാപകമായി വന്നതും 2010ന് ശേഷം. ടവര്‍ ഉണ്ടാക്കി വാടകയ്ക്ക് കൊടുക്കുന്ന കമ്പനികളും രംഗത്തെത്തി. ഇപ്പോള്‍ കേരളമൊട്ടാകെ എല്ലാ കമ്പനികള്‍ക്കും കൂടി 22000 ടവറുകളുണ്ട്.
* 3ജി തരംഗത്തില്‍ രാജ്യത്തെ സേവനദാതാക്കളുടെ എണ്ണം 15ലേക്ക് ചുരുങ്ങി.
* 2016ല്‍ രാജ്യത്ത് 4ജി തുടങ്ങി. ഐഡിയയും വൊഡാഫോണും ആദ്യം തുടങ്ങി. 4ജി ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഡിമാന്‍ഡ് തുടങ്ങി. ഒരു കൊല്ലം ഡേറ്റ സൗജന്യമാക്കി റിലയന്‍സ് ജിയോയുടെ എത്തിയതോടെ അതിലേക്ക് ഒഴുക്കായി.
* മത്സരം കടുത്തു. വോയ്‌സ് കോളിനും എസ്.എം.എസിനും വലിയ വരുമാനം ഉണ്ടാക്കാനാവില്ലെന്ന് കമ്പനികള്‍ തിരിച്ചറിഞ്ഞു. ഇവ രണ്ടും അണ്‍ലിമിറ്റഡ് ആക്കിയുള്ള താരിഫുകളുടെ വരവായിരുന്നു പിന്നീട്. ഇപ്പോള്‍ രാജ്യത്ത് അവശേഷിക്കുന്നത് ബി.എസ്.എന്‍.എല്‍., ജിയോ, വൊഡാഫോണ്‍ഐഡിയ, എയര്‍ടെല്‍ എന്നീ കമ്പനികള്‍ മാത്രം. ഇതില്‍ 4ജി സേവനം ഇല്ലാത്തത് ബി.എസ്.എന്‍.എലിന് മാത്രം.
* കേരളത്തില്‍ ഇപ്പോള്‍ 4,50,91,419 മൊബൈല്‍ കണക്ഷനുകളാണുള്ളത്. വരിക്കാരുടെ എണ്ണം ഇങ്ങനെ: വൊഡാഫോണ്‍ഐഡിയ(1,67,32,881), ബി.എസ്.എന്‍.എല്‍.(1,08,38,814), ജിയോ(1,06,80,602), എയര്‍ടെല്‍(68,38,692)

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker