ന്യൂ ഡല്‍ഹി: കേരളത്തിലെ ആഭ്യന്തര സെക്രട്ടറിയായ താന്‍ മൊഴിനല്‍കാന്‍ കോടതിയില്‍ പോകാറില്ലെന്ന് കേരളത്തിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ. ഡല്‍ഹി റൗസ് അവന്യു കോടതിയിലെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്രയോടാണ് സിന്‍ഹ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, കോടതി മുറിയില്‍നിന്ന് അല്ലാതെ നല്‍കുന്ന മൊഴി രേഖപ്പെടുത്താന്‍ തനിക്ക് ആകില്ലെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര വ്യക്തമാക്കി.
രാജ്യസഭാംഗവും സിപിഎം നേതാവുമായ ഡോ. വി. ശിവദാസനെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയില്‍ ഹാജരാകാറില്ലെന്ന നിലപാട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ അറിയിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ കേരള ഹൗസില്‍വെച്ച് തടഞ്ഞതിന് വി. ശിവദാസന്‍ ഉള്‍പ്പടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്തത് ബിശ്വനാഥ് സിന്‍ഹയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു. ബിശ്വനാഥ് സിന്‍ഹ അക്കാലത്ത് ഡല്‍ഹി കേരള ഹൌസിലെ റസിഡന്റ് കമ്മീഷണര്‍ ആയിരുന്നു.
ബിശ്വനാഥ് സിന്‍ഹയുടെ മൊഴി രേഖപെടുത്തത്തിനായിരുന്നു കഴിഞ്ഞ ദിവസം കേസ് ലിസ്റ്റ് ചെയ്തിരുന്നത്. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് തിരുവനന്തപുരത്തുണ്ടായിരുന്ന ബിശ്വനാഥ് സിന്‍ഹ കോടതി നടപടികളില്‍ പങ്കെടുത്തത്. മൊഴിയെടുക്കല്‍ ആരംഭിക്കുന്നതിന് മുമ്പ് എവിടെയാണ് ഇരിക്കുന്നതെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് ആരാഞ്ഞു. സെക്രട്ടറിയേറ്റിലെ സ്വന്തം ഓഫീസിലാണ് ഇരിക്കുന്നതെന്ന് സിന്‍ഹ മറുപടിനല്‍കി.
എന്നാല്‍ ചട്ടങ്ങള്‍ പ്രകാരം വിഡിയോ കോണ്‍ഫെറെന്‍സിലൂടെ മൊഴി രേഖപ്പെടുത്തുമ്പോള്‍, മൊഴിനല്‍കുന്ന വ്യക്തി അദ്ദേഹമുള്ള സ്ഥലത്തെ കോടതി മുറിയില്‍ ആയിരിക്കണമെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ദിവ്യ മല്‍ഹോത്ര ചൂണ്ടിക്കാട്ടി. അങ്ങനെ നല്‍കുന്ന മൊഴി മാത്രമേ തനിക്ക് രേഖപെടുത്താന്‍ കഴിയൂ എന്നും അവര്‍ അറിയിച്ചു. എന്നാല്‍, കേരളത്തിന്റെ ആഭ്യന്ത്ര സെക്രട്ടറി ആണ് താനെന്നും മൊഴിനല്‍കാന്‍ സാധാരണ കോടതിയില്‍ പോകാറില്ലെന്നും സിന്‍ഹ കോടതിയെ അറിയിച്ചു.
അടുത്ത തവണ മൊഴിനല്‍കുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതിയിലെ ജീവനക്കാരെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്താം എന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അത് സാധ്യമല്ലെന്ന നിലപാട് സ്വീകരിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്നും അന്ന് കോടതി മുറിയില്‍നിന്ന് മൊഴിനല്‍കിയാല്‍ അത് രേഖപെടുത്താമെന്നും അറിയിച്ച് കേസ് മാറ്റുകയായിരുന്നു.
ഈ നടപടികളൊക്കെ കോടതിയില്‍ നടക്കുമ്പോള്‍ രാജ്യസഭാംഗം ഡോ. വി. ശിവദാസന്‍ കോടതി നടപടികളില്‍ ഭാഗഭാഗാക്കായിരുന്നു. അഭിഭാഷകരായ കെ. ആര്‍. സുഭാഷ് ചന്ദ്രന്‍, ദിലീപ് പൂളകോട് എന്നിവരാണ് ശിവദാസനുവേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും ഹാജരായി.
71 1 minute read