BREAKING NEWSKERALALATEST

കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യം ഉയരുന്നു; ദിവസേന രണ്ടു ടണ്‍ അധികം വേണം

കൊച്ചി: കോവിഡില്‍ കേരളത്തിന്റെ ഓക്‌സിജന്‍ ആവശ്യം ഉയരുന്നു. ദിവസേന രണ്ടു ടണ്ണാണ് അധികമായി വേണ്ടത്. കഴിഞ്ഞയാഴ്ചവരെ ദിവസേന 76-86 ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു. ഇപ്പോഴത് 95 ടണ്ണായി. ഏപ്രില്‍ 30 ആകുമ്പോഴേക്കും ആവശ്യം 103.51 ടണ്‍ ആകുമെന്നാണ് ഓക്‌സിജന്‍ വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെസോയുടെ കണക്കുകൂട്ടല്‍.
തുടക്കത്തില്‍ കോവിഡ് ആവശ്യത്തിന് ദിവസേന 30-35 മെട്രിക് ടണ്‍ ഓക്‌സിജന്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ 50 ആയി ഉയര്‍ന്നു. കോവിഡ് ഇതര ആവശ്യം ദിവസേന 45 ടണ്ണാണ്. ഏപ്രില്‍ 24ന് കേരളത്തിന് വേണ്ടിവന്നത് 95 ടണ്‍ ഓക്‌സിജനാണ്. കേരളത്തിലെ ആശുപത്രികള്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടിത്തുടങ്ങിയതോടെ ഇതിനുവേണ്ടിയുള്ള ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ദിവസേന 200 ടണ്ണോളം ഉത്പാദിപ്പിക്കാനുള്ള ശേഷി കേരളത്തിനുണ്ട്. തമിഴ്‌നാടിന് 90 ടണ്ണും കര്‍ണാടകത്തിന് 40 ടണ്ണും കേരളം നല്‍കുന്നുമുണ്ട്.
കേരളത്തിന് ആവശ്യത്തിനുള്ള ഓക്‌സിജനുണ്ടെന്നും സിലിന്‍ഡറുകളുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും പെസോ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു. പ്ലാന്റുകളില്‍ ഏഴ് മീറ്റര്‍ ക്യൂബിന്റെ 1709 എണ്ണവും ഒന്നര മീറ്റര്‍ ക്യൂബിന്റെ 467 സിലിന്‍ഡറുകളുമുണ്ട്. ഓക്‌സിജന്‍ വിതരണക്കാരിലും ആശുപത്രികളിലും വേറേയും സിലിന്‍ഡറുകളുണ്ട്. ഇത് പരമാവധി ഉപയോഗിക്കണം.
സംസ്ഥാനത്തെ 23 ഓക്‌സിജന്‍ നിറയ്ക്കല്‍ കേന്ദ്രങ്ങളില്‍ 11 എണ്ണത്തില്‍ എയര്‍ സെപ്പറേഷന്‍ യൂണിറ്റുണ്ട്. ബാക്കിയുള്ളവയില്‍ ലിക്വിഡ് ഓക്‌സിജന്‍ കൊണ്ടുവന്ന് നിറയ്ക്കുകയാണ്. ഇവ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളം ഇപ്പോള്‍ ചെയ്യേണ്ടത്. എറണാകുളം (നാല്), തൃശ്ശൂര്‍ (രണ്ട്), പാലക്കാട്, കണ്ണൂര്‍, മലപ്പുറം, ആലപ്പുഴ, തിരുവനന്തപുരം (ഒന്നു വീതം) എന്നിങ്ങനെയാണ് എയര്‍ സെപ്പറേഷന്‍ യൂണിറ്റുള്ള ഫില്ലിങ് സ്റ്റേഷനുകള്‍. ഇവയുടെ പരമാവധി ഉത്പാദനശേഷി പ്രതിദിനം 42.65 ടണ്‍ ആണ്. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെ.എം.എം.എല്‍.) ഏഴ് ടണ്‍ ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനോടൊപ്പംതന്നെ ഏഴ് ടണ്‍ ഗേഷ്യസ് ഓക്‌സിജനും ഉത്പാദിപ്പിക്കാന്‍ കഴിയും.

Related Articles

Back to top button