തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ തുടങ്ങുന്ന കേരള ടൂറിസം ആകര്‍ഷകമായ വിനോദസഞ്ചാര പദ്ധതികളും നിരവധി നിക്ഷേപ സാധ്യതകളുമായി സജ്ജമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസം ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളുടെ വളര്‍ച്ചയ്ക്കായി യുഎഇയിലെ പ്രവാസി മലയാളി നിക്ഷേപകരുമായുള്ള പങ്കാളിത്തത്തിന് സംസ്ഥാനത്തിന് താല്‍പ്പര്യമുണ്ടെന്നും ദുബായിലെ ‘എക്സ്പോ 2020’ യിലെ കേരള വീക്കിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
പുത്തന്‍ അനുഭവം പ്രദാനം ചെയ്യുന്ന കാരവന് ടൂറിസം, അറിയപ്പെടാത്തതും എന്നാല്‍ ആകര്ഷണീയമായതുമായ പ്രദേശങ്ങളെ ടൂറിസം ഭൂപടത്തിലേക്ക് കൊണ്ടുവരല്‍, മലബാര്‍ പ്രദേശത്തെ ടൂറിസം സാധ്യതകളുടെ പര്യവേഷണം, സുരക്ഷിതമായ സാഹസിക ടൂറിസം, അനുഭവവേദ്യ ടൂറിസം തുടങ്ങിയവയാണ് ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പ്രധാന മേഖലകള്‍.
കേരളത്തിലെ മികച്ച വിനോദാനുഭവങ്ങളില്‍ ഒന്നായ കായല്‍ ടൂറിസത്തിനു പുറമേ മൈസ് ടൂറിസം സൗകര്യങ്ങള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, കാരവന് പാര്‍ക്കുകള്‍, ഫാംസ്റ്റേകള്‍, സാഹസിക ടൂറിസം, ടൂര്‍ ഓപ്പറേഷന് എന്നിവയില്‍ വലിയ നിക്ഷേപ സാധ്യതകളാണ് തുറന്നിടുന്നതെന്ന് ദുബായ് എക്സ്പോയിലെ കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി പറഞ്ഞു.