BREAKING NEWSKERALA

കേരളത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം, വാക്‌സിനേഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. നിലപാട് മാറ്റില്ല. സൗജന്യം എന്ന് പറഞ്ഞത് പ്രായത്തിന്റെ അടിസ്ഥാനത്തിലല്ല. പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും എല്ലാം വാക്‌സിന്‍ സൗജന്യം ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തെ േനരിടാന്‍ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളുന്നത്. ആളുകള്‍ക്ക് ബുദ്ധിമുട്ടില്ലാതെ വാക്‌സീന്‍ എടുക്കുന്നതിനുള്ള സാഹചര്യം ഒരുക്കും. വാക്‌സിനേഷന് എല്ലാ സ്ഥലങ്ങളിലും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനും സമയക്രമീകരണവും നിര്‍ബന്ധമാക്കും. വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ വാക്‌സീന്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം. ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ അലംഭാവം പാടില്ല.
24, 25 തീയതികളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം നടപ്പാക്കും. ഈ തീയതികളില്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കും. 24ന് സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കും. എന്നാല്‍ പരീക്ഷകള്‍ക്കു മാറ്റമില്ല. രോഗം പിടിപെടാതെ പരമാവധി ആളുകളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. രോഗവ്യാപനം തടയാന്‍ സംസ്ഥാനം സജ്ജമാണ്. സമഗ്രവും സുസജ്ജവുമായ സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. രോഗവ്യാപനത്തിന്റം തോത് ശക്തമായിരിക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കണം.
11 ശതമാനത്തില്‍ താഴെ ആളുകള്‍ക്കു മാത്രമാണ് ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്താന്‍ സംസ്ഥാനത്തിനു സാധിച്ചു. കഴിഞ്ഞ തരംഗത്തില്‍ ഡിലെ ദ പീക്ക് നയമാണ് സംസ്ഥാനം സ്വീകരിച്ചത്. ഇപ്പോള്‍ ക്രഷ് ദ കര്‍വ് ആണ് സ്വീകരിച്ചിട്ടുള്ളത്. അടിസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകുക എന്നതാണ് ആദ്യ ഘട്ടം. ബ്രേക്ക് ദ ചെയില്‍ കൂടുതല്‍ ശക്തമാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും.
രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിച്ചു. ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായിട്ടും ഇവിടെ ഏറ്റവും അവസാനമാണ് ഉച്ഛസ്ഥായിയിലെത്തിയത്. ഒന്നാം തരംഗം മറികടന്ന് രണ്ടാം ഘട്ടത്തെ േനരിടാന്‍ ശക്തമായ സംവിധാനം ഒരുക്കി. നമുക്കാവശ്യമായ ഓക്‌സിജന്റെ അളവ് 74.25 മെട്രിക് ടണ്‍ ആണ് 212 മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുന്നു.
ഇന്ത്യയില്‍ വാക്‌സീന്‍ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ സാധിക്കും. വാക്‌സീനുകളുടെ ദൗര്‍ലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത്‌ േകന്ദ്രത്തെ അറിയിച്ചു. പുതിയ വാക്‌സീന്‍ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിര്‍മാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നല്‍കുന്ന കോവിഷീല്‍ഡ് വാക്‌സീന്‍ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. നിത്യേന 2.5 ലക്ഷം പേര്‍ക്ക് വാക്‌സീന്‍ നല്‍കാനായിരുന്നു ലക്ഷ്യം. എന്നാല്‍ സാധിച്ചില്ല. വാക്‌സീന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണം.
നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും. ഒരു താലൂക്കില്‍ ഒരു സിഎഫ്എല്‍ടിസി എങ്കിലും നിര്‍മിക്കും. 35 % മുകളില്‍ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് ക്യംപെയ്ന്‍ ശക്തമാക്കും. ബോധവത്കരണ പരിപാടികള്‍ ശക്തമായി നടത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 50% പേര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കും. ചടങ്ങുകള്‍ക്ക് 75 പേര്‍ മാത്രമേ പങ്കെടുക്കാവൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button