തിരുവനന്തപുരം: കോവിഡ് നിയന്ത്രണവിധേയമെന്നു സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. പോസിറ്റീവ് കേസുകള്‍ ഇനിയും ഉയര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നതിനെക്കുറിച്ച് ആരോഗ്യ വകുപ്പ് ആലോചന തുടങ്ങി. ഏപ്രില്‍ 10ന് സംസ്ഥാനത്ത് 223 കോവിഡ് കേസാണ് റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, ഇതിനുശേഷം കോവിഡ് ബാധിച്ചവരുടെ എണ്ണം കൂടുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏപ്രില്‍ ഒന്നിന് 418 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. 11 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ 9 തവണ പ്രതിദിന രോഗബാധിതരുടെ എണ്ണം 300 കടന്നു. 28ന് 412 പോസിറ്റീവ് കേസുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ഡാഷ് ബോര്‍ഡില്‍ കോവിഡ് 19 വിഭാഗത്തില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ആകെ 8754 പേര് കോവിഡ് പോസിറ്റീവായി, 9063 പേര് രോഗമുക്തി നേടി. ആരോഗ്യ വകുപ്പിന്റെ കോവിഡ് ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
30 ദിവസത്തെ കാലയളവില്‍ 1156 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ചില്‍ 2580 മരണം രേഖപ്പെടുത്തി. എന്നാല്‍, ജില്ല തിരിച്ചുള്ള മരണക്കണക്ക് ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടില്ല. ശനിയാഴ്ച രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) 2.67 ആണ്. സംസ്ഥാനത്തെ പ്രതിദിന കോവിഡ് കണക്ക് ഏപ്രില്‍ 10 വരെ മാത്രമാണ് ആരോഗ്യ വകുപ്പ് ഔദ്യോഗികമായി പുറത്തു വിട്ടത്. കേസുകള്‍ ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണു പ്രതിദിന കണക്കുകള്‍ പുറത്തു വിടുന്നത് അവസാനിപ്പിച്ചത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. കോവിഡ് കേസുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണു മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയും, ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കാന്‍ നിര്‍ദ്ദേശിച്ചും ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയത്.