BREAKING NEWSKERALALATEST

കേരളത്തില്‍ നീലത്തിമിംഗിലമുണ്ടോ? ദേശാടനം നടത്തിയ രണ്ടു പേരുടെ ശബ്ദം റെക്കോഡ്‌ചെയ്തു

തിരുവനന്തപുരം : കേരളത്തിലാദ്യമായി നീലത്തിമിംഗിലത്തിന്റെ ശബ്ദം വിഴിഞ്ഞത്തിനടുത്ത് ഗവേഷകര്‍ റെക്കോഡ് ചെയ്തു. ഇതുവഴി ദേശാടനം നടത്തിയ ഒന്നോ രണ്ടോ തിമിംഗിലങ്ങളുടെ ശബ്ദമാണു റെക്കോഡ് ചെയ്തത്. ഗവേഷകര്‍ അത് അപഗ്രഥിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ തീരക്കടലിനടുത്ത് തിമിംഗിലങ്ങളുണ്ടോ എന്നറിയാന്‍ അഹമ്മദാബാദിലെ ദിപാനി സുപാരിയയെന്ന ശാസ്ത്രജ്ഞയുടെ നേതൃത്വത്തില്‍ പഠനം നടക്കുന്നുണ്ട്. കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എ. ബിജുകുമാറും വിഴിഞ്ഞം കരിങ്കുളം സ്വദേശിയായ ഗവേഷകന്‍ കുമാര്‍ സഹായരാജുവും ഈ ഗവേഷണത്തോട് സഹകരിക്കുന്നുണ്ട്.
പഠനത്തിന്റെ ഭാഗമായി, വിഴിഞ്ഞത്തിനും പൂവാറിനുമിടയില്‍ തീരത്തുനിന്ന് അമ്പതു മീറ്റര്‍ മാറി കടലില്‍, മൂന്നു മാസം മുമ്പ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ നിന്നാണ് നീലത്തിമിംഗിലത്തിന്റെ ശബ്ദം കിട്ടിയെന്ന് മനസ്സിലായത്. വിഴിഞ്ഞത്തിനടുത്ത് റെക്കോഡ് ചെയ്ത ഓഡിയോക്ലിപ്പില്‍ മൂന്നു തവണ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍നിന്ന് വിഴിഞ്ഞത്തിനടുത്തുകൂടി ഒന്നിലേറെ നീലത്തിമിംഗിലങ്ങള്‍ പോയിട്ടുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്. കൂനന്‍ തിമിംഗിലം (ഹംപ്ബാക്ക് വേല്‍) എന്നയിനം നമ്മുടെ തീരത്തിനടുത്തുകൂടി ദേശാടനം നടത്താറുള്ളതായി നേരത്തേ ഗവേഷകര്‍ക്ക് സൂചന ലഭിച്ചിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker