കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ റീട്ടെയ്ല്‍ സ്റ്റോറായ മൈജിയുടെ 100ാം സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ ഈ മാസം 22ന് പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന മികച്ച സേവനം ലഭ്യമാക്കുന്ന ഇലക്ട്രോണിക്സ് ഡീലര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നതിനായി 500 കോടിയോളം രൂപ നിക്ഷേപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2023ഓടെ കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ 50 മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി 2022 തുടക്കത്തില്‍ സംസ്ഥാനത്ത് പുതിയ ഏഴ് മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കും. ബിസിനസ് വ്യാപനത്തിന് പുറമേ മൈജിയുടെ ഏറ്റവും വലിയ സ്വപ്നം ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ്. കേരളത്തില്‍ 50 പുതിയ മൈജി ഫ്യൂച്ചര്‍ സ്റ്റോറുകള്‍ തുറക്കുന്നതോടെ 4000 മലയാളികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ കഴിയും. നിലവില്‍ 2000 പേരാണ് മൈജിയുടെ വിവിധ സ്റ്റോറുകളിലായി ജോലി ചെയ്യുന്നത്.
മികച്ച ഗാഡ്ജറ്റുകളും സ്മാര്‍ട്ട് ഫോണുകളും വാങ്ങാന്‍ സൗകര്യപ്രദമായ ഷോറൂം എന്ന നിലയ്ക്ക് 2006ല്‍ 3ജി മൊബൈല്‍ വേള്‍ഡെന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച മൈജി ഇന്ന് കേരളത്തിലെ തന്നെ പ്രമുഖ ഗാഡ്ജറ്റ് റീട്ടെയ്ല്‍ ശൃംഖലയായി മാറിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശേഖരവുമായി 70 ലക്ഷത്തിലേറെ സംതൃപ്ത ഉപഭോക്താക്കളുണ്ട് മൈജിക്ക്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ക്ക് പുറമേ ടിവി, റഫ്രിജറേറ്റര്‍, എസി, വാഷിങ് മെഷീന് തുടങ്ങി വിവിധ ഗൃഹോപകരണങ്ങളും മൈജി ഫ്യൂച്ചര്‍ സ്റ്റോറുകളില്‍ ലഭ്യമാക്കുന്നുണ്ട്. കേരളത്തില്‍ 100 സര്‍വീസ് സെന്ററുകളുള്ള മൈജി കെയര്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഗാഡ്ജറ്റ് പ്രൊട്ടക്ഷനും സര്‍വീസും ഉറപ്പാക്കുന്നു. ഇതിനായി വിദഗ്ധ ടെക്നീഷ്യന്മാര് അടങ്ങുന്ന ടീം മൈജി കെയറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. എക്സ്റ്റെന്‍ഡഡ് വാറണ്ടി, ഗാഡ്ജറ്റ് പ്രൊട്ടക്ഷന്‍ പ്ലാന്‍, മൈജി എക്സ്ചേഞ്ച് ഓഫര്‍ തുടങ്ങി നിരവധി മൂല്യവര്‍ധിത സേവനങ്ങളും മൈജി ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ 0% പലിശയോടെയും സീറോ ഡൗണ്‍ പേയ്മെന്റോടെയും 100% ഫൈനാന്‍സ് പോലുള്ള ഇഎംഐ ഓഫറുകളും ലഭ്യമാക്കുന്നു. കൂടാതെ എക്സ്പ്രസ് ഡെലിവറി സര്‍വീസോടെയുള്ള ഉപഭോക്തൃ സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും മൈജിക്കുണ്ട്.