BREAKING NEWSKERALA

‘കേരളത്തില്‍ സ്‌കൂള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമാണോ?’ സംശയം ഉന്നയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ ഇപ്പോള്‍ സ്‌കൂള്‍ തുറക്കാന്‍ പറ്റിയ സാഹചര്യമാണോ എന്ന് സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചാണ് സംശയം പ്രകടിപ്പിച്ചത്. ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. കേരളത്തിലും മഹാരാഷ്ട്രയിലും സ്‌കൂള്‍ തുറക്കണമെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു.
സ്‌കൂളുകള്‍ തുറക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കണമെന്ന ആവശ്യത്തില്‍ ഉത്തരവിറക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. സങ്കീര്‍ണമായ വിഷയമാണെന്നും, സര്‍ക്കാരുകള്‍ കൈകാര്യം ചെയ്യേണ്ട കാര്യങ്ങളാണെന്നും ബെഞ്ച് നിരീക്ഷിച്ചു. ഭരണനിര്‍വഹണം സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാകില്ല. തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
ഡല്‍ഹി സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കൊറോണ കാരണം കഴിഞ്ഞ വര്‍ഷം മാര്‍ച്ച്ഏപ്രില്‍ മുതല്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഇത് വിദ്യാര്‍ത്ഥികളില്‍ മാനസികമായ പ്രതിസന്ധികള്‍ സൃഷ്ടിക്കുനതായും 12 വയസ്സുള്ള അമര്‍ പ്രേം പ്രകാശ് കോടതിയില്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളുണ്ട്. സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ വിദ്യാഭ്യാസം ലഭിക്കുന്നില്ല.
വിദ്യാര്‍ത്ഥികളുടെ ബൗദ്ധിക വികാസം ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലൂടെ സാധ്യമാകുന്നില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കാത്ത സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കാന്‍ ഉത്തരവിടാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഡല്‍ഹിയില്‍ സ്‌കൂള്‍ പൂര്‍ണമായും തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സര്‍ക്കാര്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും കോടതി പറഞ്ഞു.
ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനമായത്. ഒന്നുമുതല്‍ ഏഴ് വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും നവംബര്‍ ഒന്നിന് ആരംഭിക്കും. ബാക്കിയുള്ള ക്ലാസുകള്‍ നവംബര്‍ 15ന് തുടങ്ങും.
സ്‌കൂള്‍ തുറക്കാന്‍ ഒന്നര മാസത്തോളം ബാക്കിയുണ്ടെങ്കിലും മുന്നൊരുക്കങ്ങള്‍ വളരെ പെട്ടെന്ന് ആരംഭിക്കേണ്ടി വരും വിദ്യാഭ്യാസ വകുപ്പിന്. ഒന്നരവര്‍ഷമായി സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ പല സ്‌കൂളുകളുടെയും കെട്ടിടങ്ങള്‍ കാടുപിടിച്ച നിലയിലാണ്. സ്‌കൂള്‍ ബസ് അടക്കമുള്ള വാഹനങ്ങളും തുരുമ്പെടുത്തിരിക്കുന്ന സാഹചര്യം. അതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി വളരെ വലിയ അധ്വാനം തന്നെ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെ മാത്രമേ അണുനശീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിയൂ. കുട്ടികള്‍ക്കായി പ്രത്യേക മാസ്‌കുകള്‍ തയ്യാറാക്കേണ്ടതുണ്ട്.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. ഒരു ബെഞ്ചില്‍ എത്രപേര്‍, ഷിഫ്റ്റ് സംവിധാനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേരുന്ന യോഗം ഇക്കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker