BREAKINGNATIONAL

‘കേരളത്തില്‍ മുസ്ലീം ഉടമയുടെ വെജിറ്റേറിയന്‍ ഹോട്ടലിലാണ് ഞാന്‍ സ്ഥിരമായി പോയത്’: കാന്‍വാര്‍ യാത്ര കേസില്‍ സുപ്രീം കോടതി ജഡ്ജി

ന്യൂഡല്‍ഹി: കേരളത്തിലായിരുന്നപ്പോള്‍ താന്‍ ഒരു മുസ്ലീമിന്റെ വെജിറ്റേറിയന്‍ ഹോട്ടലിലാണ് സ്ഥിരമായ ഭക്ഷണം കഴിക്കാന്‍ പോയിരുന്നതെന്ന് സുപ്രീം കോടതി ജഡ്ജ് എസ്വിഎന്‍ ഭട്ടി. കന്‍വര്‍ യാത്രാ വിവാദവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദ കേള്‍ക്കുന്നതിനിടെയാണ് അദ്ദേഹം ഇന്ന് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഹോട്ടല്‍ ഏതാണെന്നോ ഏത് നഗരത്തിലാണെന്നോ അദ്ദേഹം പറഞ്ഞില്ല. എന്നാല്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലാണ് അതെന്നും ജസ്റ്റിസ് ഭട്ടി പ്രകീര്‍ത്തിച്ചു.
കാന്‍വാര്‍ യാത്രാ റൂട്ടിലെ ഹോട്ടലുകളുടെ ഉടമകളുടെയും ജീവനക്കാരുടെയും പേരുകള്‍ ബോര്‍ഡില്‍ രേഖപ്പെടുത്തണമെന്ന യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് എസ്വിഎന്‍ ഭട്ടി. ജസ്റ്റിസ് ഹൃഷികേശ് റോയ് ആയിരുന്നു മറ്റൊരു അംഗം. കേസ് ഇന്നെ സുപ്രീം കോടതി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് കേരളത്തിലെ തന്റെ അനുഭവം പങ്കുവച്ചത്.
‘മുന്‍പ് കേരളത്തിലായിരുന്നപ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവമുണ്ട്. പക്ഷെ സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജ് ആയതുകൊണ്ട് ഞാന്‍ ഏത് ഹോട്ടലെന്നോ ഏത് നഗരത്തിലാണെന്നോ പറയുന്നില്ല. അവിടെ ഒരു ഹിന്ദുവിന്റെയും മുസ്ലിമിന്റെയും ഉടമസ്ഥതയില്‍ രണ്ട് വ്യത്യസ്ത വെജിറ്റേറിയന്‍ ഹോട്ടലുണ്ടായിരുന്നു. ഞാന്‍ സ്ഥിരമായി പോയിരുന്നത് മുസ്ലീമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലായിരുന്നു. അവിടുത്തെ ഭക്ഷണത്തിന്റെ നിലവാരവും സുരക്ഷയും അന്താരാഷ്ട്ര നിലവാരത്തിലുള്ളതായിരുന്നു. ദുബൈയില്‍ നിന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ കടയില്‍ വൃത്തി, സുരക്ഷ, ഗുണമേന്മ എല്ലാത്തിലും അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് താന്‍ അവിടെ തന്നെ പോയിരുന്നത്,’- അദ്ദേഹം പറഞ്ഞു.
ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നാല്‍ മെനു കാര്‍ഡാണ് നോക്കേണ്ടതെന്നും അല്ലാതെ ഉടമയുടെ പേരല്ലെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി കോടതിയില്‍ വാദിച്ചത്. കേസില്‍ യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ഉജ്ജയിന്‍ മുനിസിപ്പാലിറ്റി സമാന ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് മധ്യപ്രദേശ് സര്‍ക്കാരിനോടും സുപ്രീം കോടതി പ്രതികരണം തേടിയത്. മഹുവ മൊയ്ത്രക്ക് പുറമെ അപൂര്‍വാനന്ദ് ഝാ, ആകാര്‍ പട്ടേല്‍, പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്ന എന്‍ജിഒയുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Related Articles

Back to top button