തിരുവനന്തപുരം: സംസ്ഥാനത്തെ കോഴി കര്‍ഷകരെ സഹായിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ വിപണിയില്‍ എത്തുന്നു.
എട്ട് മുതല്‍ 20 ആഴ്ച വരെ പ്രായമുള്ള മുട്ടക്കോഴികള്‍ക്കുള്ള തീറ്റയായ ‘അതുല്യം ഗ്രോവര്‍ കോഴിത്തീറ്റ’ മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പുറത്തിറക്കി.
കേരളത്തില്‍ അത്യുല്‍പ്പാദന ശേഷിയുള്ള ആരോഗ്യമുള്ള കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയെടുത്ത് മുട്ട ഉത്പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അതിനായി കോഴികര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള കോഴിത്തീറ്റ ലഭ്യമാക്കുന്നതിനാണ് പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് പുതിയ കോഴിത്തീറ്റ വിപണിയിലെത്തിക്കുന്നത്.
കേരള ഫീഡ്സിന്റെ പ്രീമിയം മുട്ടക്കോഴി തീറ്റ ബ്രാന്‍ഡായ അതുല്യത്തിനു കീഴില്‍ ലെയര്‍ കോഴിത്തീറ്റ നേരത്തേ പുറത്തിറക്കിയിരുന്നു. 20 ആഴ്ചക്ക് മുകളില്‍ പ്രായമായ മുട്ടക്കോഴികള്‍ക്കുള്ള തീറ്റയാണിത്. രണ്ടു തീറ്റകളും പൊടി രൂപത്തിലുള്ളതാണ്. വിവിധ പ്രായത്തില്‍ മുട്ടക്കോഴികള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ സമന്വയിപ്പിച്ച് നിര്‍മ്മിച്ചിട്ടുള്ളതാണ് അതുല്യം കോഴിത്തീറ്റകള്. മുട്ടക്കോഴികള്‍ക്ക് ആവശ്യമായ മാംസ്യം, ഊര്‍ജം, കൊഴുപ്പ്, അമിനോ ആസിഡുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ എന്നിവ സമീകൃതമായ അളവില്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ശരിയായ മുട്ട ഉത്പ്പാദനവും മുട്ടയുടെ ഗുണമേന്മയും മുട്ടക്കോഴികളുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
കേരളത്തിലെ എല്ലാ ജില്ലകളിലും തീറ്റ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ കേരള ഫീഡ്സ് ഉറപ്പാക്കിയിട്ടുണ്ട്. വിപണിയില്‍ 20 കിലോഗ്രാം വീതമുള്ള അതുല്യം ഗ്രോവര്‍ തീറ്റയുടെ വില 650 രൂപയും അതുല്യം ലെയര്‍ തീറ്റയുടെ വില 700 രൂപയുമാണ്.