തിരുവനന്തപുരം : സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനകാര്യത്തില്‍ ഗവര്‍ണറും സര്‍ക്കാരും വീണ്ടും ഏറ്റുമുട്ടലിലേക്ക്. ഇത്തവണ കേരളസര്‍വകലാശാലാ വി.സി. നിയമനത്തിലാണ് കൊമ്പുകോര്‍ക്കുന്നത്.
വി.സി. നിയമനത്തില്‍ ചാന്‍സലറെന്ന നിലയിലുള്ള ഗവര്‍ണറുടെ അധികാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിനുമുമ്പേ ചാന്‍സലറുടെയും യു.ജി.സി.യുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി വി.സി. നിര്‍ണയസമിതിക്ക് ഗവര്‍ണര്‍ രൂപംനല്കി. കേരള സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്ന മുറയ്ക്ക് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് സമിതിയെ നിയമിച്ച് രാജ്ഭവന് വിജ്ഞാപനം പുറത്തിറക്കിയത്.
യഥാര്‍ഥത്തില്‍ കേരള സര്‍വകലാശാലയുടെ പ്രതിനിധിയായി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രനെ സെനറ്റ് നേരത്തേ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍, ഈ വിവരം ഗവര്‍ണറെ അറിയിച്ചിരുന്നില്ല. പകരം സെനറ്റ് തിരഞ്ഞെടുത്ത ഡോ. രാമചന്ദ്രന് സമിതിയംഗമായി പ്രവര്‍ത്തിക്കാന്‍ അസൗകര്യമുണ്ടെന്ന് കാണിച്ചുള്ള ഒരു കത്ത് വെള്ളിയാഴ്ച സര്‍വകലാശാല ഗവര്‍ണര്‍ക്ക് നല്കി. പുതിയ അംഗത്തെ തിരഞ്ഞെടുക്കാന്‍ സ്വാഭാവികമായും രണ്ടുമൂന്ന് ആഴ്ചയെടുക്കാം. ഈ സമയത്തിനുള്ളില്‍ വി.സി. നിയമനത്തിലുള്ള ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് രാജ്ഭവന്റെ വിലയിരുത്തല്‍.
സമിതിയിലേക്കുള്ള ചാന്‍സലറുടെ പ്രതിനിധിയെ സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും മൂന്നംഗസമിതി ഭൂരിപക്ഷാഭിപ്രായ പ്രകാരം നല്കുന്ന പേര് ഗവര്‍ണര്‍ അംഗീകരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നതാണ് അണിയറയില്‍ ഒരുങ്ങുന്ന ഓര്‍ഡിനന്‍സ്. ഗവര്‍ണറും സര്‍ക്കാരും രമ്യമായി പോകുന്ന കാലയളവില്‍ ചാന്‍സലറുടെ പ്രതിനിധിയെ സര്‍ക്കാരാണ് സാധാരണ നിശ്ചയിക്കുക.
സര്‍വകലാശാലാ നിയമ ഭേദഗതിക്കായി നിയോഗിച്ച ഡോ. എന്‍. ജയകുമാര്‍ കമ്മിഷന് നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കുന്നതിനുള്ള ഫയല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പില്‍നിന്ന് നിയമവകുപ്പില്‍ എത്തിയിട്ടുണ്ട്. ഇതുവരും മുന്‍പ് വി.സി.നിര്‍ണയസമിതിയുമായി ഗവര്‍ണര്‍ മുന്നിലെത്തിക്കഴിഞ്ഞു.
കോഴിക്കോട് ഐ.ഐ.എം. ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജിയാണ് സമിതിയിലുള്ള ഗവര്‍ണറുടെ പ്രതിനിധി. യു.ജി.സി.യുടെ പ്രതിനിധി കര്‍ണാടക കേന്ദ്ര സര്‍വകലാശാലാ വി.സി. പ്രൊഫ. ബട്ടു സത്യനാരായണയും. ദേബാശിഷ് ചാറ്റര്‍ജിയാണ് സമിതിയുടെ കണ്‍വീനര്‍. ഇനി കേരള സര്‍വകലാശാലാ പ്രതിനിധി സമിതിയില്‍ ഉള്‍പ്പെട്ടാലും സര്‍ക്കാര്‍ താത്പര്യത്തിനായിരിക്കില്ല മേല്‍ക്കൈ ലഭിക്കുക.
നേരത്തേ കണ്ണൂര്‍, സംസ്കൃത സര്‍വകലാശാലാ വി.സി. നിയമനത്തിലും രാഷ്ട്രപതിക്ക് ഡിലിറ്റ് നല്കുന്ന കാര്യത്തിലും ഗവര്‍ണറും സര്‍ക്കാരും ഏറ്റുമുട്ടിയിരുന്നു.