BREAKINGENTERTAINMENTKERALA

‘കൈയടി ലഭിച്ചത് അതൊരു പൊതുശല്യമായി ആളുകള്‍ക്ക് തോന്നിയതുകൊണ്ട്’; ‘ചെകുത്താന്‍’ കേസിനെക്കുറിച്ച് സിദ്ദിഖ്

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നടന്‍ മോഹന്‍ലാലിന് എതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ചെകുത്താന്‍ എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്ന അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലായിരുന്നു കേസ്. ഇപ്പോഴിതാ ഈ കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയാണ് സിദ്ദിഖ്. പൊതുസമൂഹത്തില്‍ നിന്ന് പ്രസ്തുത വിഷയത്തില്‍ കൈയടിയാണല്ലോ ലഭിച്ചതെന്ന ചോദ്യത്തിന് സിദ്ദിഖിന്റെ മറുപടി ഇങ്ങനെ.
‘അത് ശ്രദ്ധിച്ചിരുന്നു. അത്തരം കമന്റുകള്‍ വരുമ്പോഴും ഞാന്‍ ഭയക്കുന്നത് നമ്മുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച വന്നാലും എതിരെയുള്ള ഒരുപാട് കമന്റുകള്‍ വരാന്‍ സാധ്യതയുണ്ട്. എന്ത് കാര്യവും ചെയ്യുമ്പോള്‍ സൂക്ഷിച്ച് ചെയ്യണം. നമ്മള്‍ ഒരു കാര്യം ചെയ്തു എന്ന് പറയുന്നത് വലിയ കാര്യമായി എനിക്ക് തോന്നുന്നില്ല. ഞാന്‍ പരാതി കൊടുത്തതുപോലെ ആര് കൊടുത്താലും ഇതേ നിയമനടപടികള്‍ തന്നെ ഉണ്ടാവുമായിരുന്നു. സംഘടനയുടെ നേതൃസ്ഥാനത്ത് ഇരുന്നതുകൊണ്ടാണ് എനിക്ക് അത് ചെയ്യേണ്ടിവന്നത്. അത്രയധികം പൊതുശല്യമായി ആളുകള്‍ക്ക് തോന്നിയതുകൊണ്ടാണ് ഞങ്ങള്‍ക്ക് അനുകൂലമായി കമന്റുകള്‍ ഉണ്ടായത്. ഇപ്പോള്‍ നല്ല കമന്റ് വരുന്നതുപോലെ മോശം കമന്റ് വരാനും ഒരു പ്രവര്‍ത്തി മതി. അതിനാല്‍ത്തന്നെ വളരെ സൂക്ഷിച്ചാണ് സംസാരവും പ്രവര്‍ത്തിയും. സംഘടനയുടെ സ്ഥാനത്തിരിക്കുമ്പോള്‍ പറയുന്ന അഭിപ്രായങ്ങളും മറ്റും ഒരു വ്യക്തിയുടേതെന്ന രീതിയില്‍ മാത്രമാവില്ല ആളുകള്‍ എടുക്കുക’, സിദ്ദിഖ് പറഞ്ഞുനിര്‍ത്തി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴി എന്ന പുതിയ ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിലായിരുന്നു സിദ്ദിഖിനോടുള്ള ചോദ്യവും മറുപടിയും.
ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്‌സിന് എതിരായ കേസ്. മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. അതേ സമയം നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് താരസംഘടനയുടെ തീരുമാനം.

Related Articles

Back to top button