BREAKING NEWSKERALA

കൊച്ചിയിലെ അപകടം: സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹതയില്ലെന്ന് പോലീസ്

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഹോട്ടലുടമ റോയി വയലാട്ടിനെ പോലീസ് ചോദ്യംചെയ്തു. ഏഴ് മണിക്കൂറോളമാണ് റോയിയെ പോലീസ് ചോദ്യം ചെയ്തത്. പോലീസ് ആവശ്യപ്പെട്ടത് പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ റോയി ഹാജരാക്കിയിരുന്നു. ഡി.ജെ പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇന്ന് ഹാജരാക്കിയവയില്‍ ഉണ്ടെങ്കിലും ഇതില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് എറണാകുളം എ.സി.പി പറയുന്നത്. അതേസമയം ചില തര്‍ക്കങ്ങള്‍ നടന്നതായി പോലീസിന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതുസംബന്ധിച്ച് കൂടുതല്‍ പരിശോധന പോലീസ് നടത്തും.
കഴിഞ്ഞ ദിവസം മുന്‍ മിസ് കേരള ജേതാക്കളുടെ വാഹനത്തെ പിന്തുടര്‍ന്ന ഔഡി കാറിന്റെ ഡ്രൈവര്‍ സൈജുവിനെ ചോദ്യംചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിര്‍ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടര്‍ന്നതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.
ഫോര്‍ട്ട്‌കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് കെ എല്‍ 40 ജെ 3333 എന്ന രജിസ്‌ട്രേഷനിലുള്ള ഔഡികാറാണ് അന്‍സി കബീറിന്റെ വാഹനത്തെ പിന്തുടര്‍ന്നത്. അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലില്‍ നിന്ന് ഔഡി കാര്‍ പിന്തുടര്‍ന്നതാണ് അപകട കാരണമെന്ന് അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈജുവിനെ പോലീസ് വിശദമായി ചോദ്യംചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നു. അവര്‍ മാറിനിന്ന് വിവരങ്ങള്‍ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയില്‍ എത്തി അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ വാക്കുതര്‍ക്കമുണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങള്‍ ഒളിപ്പിച്ചത്, എന്തിനാണ് കാറില്‍ അന്‍സി കബീറിനേയും സംഘത്തേയും പിന്തുടര്‍ന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തില്‍ പ്രധാനമായും കണ്ടെത്താനുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker