കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു. ഇന്നലെ മാത്രം 93 പേരാണ് ചികിത്സ തേടിയത്. ജില്ലയിൽ ഈ മാസം 143 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.പകുതിയിലധികം രോഗികളും കൊച്ചി കോർപ്പറേഷനിലാണ്. രണ്ട് പേർ കോർപ്പറേഷൻ പരിധിയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
നഗരസഭ പരിധിയിൽ ഈഡിസ്, ക്യൂലക്സ് കൊതുകുകൾ പെരുകുന്നതായി ജില്ലാ വെക്ടർ കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൊതുക് നശീകരണം ഊർജിതമാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടെങ്കിലും കോർപ്പറേഷൻ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. നഗരസഭയിലെ കൊതുകുനിർമാജന സ്ക്വാഡിൻറെ പ്രവർത്തനം നിർജീവമാണെന്നും ആക്ഷേപമുണ്ട്.
നഗരസഭയിലെ കൊതുക് നിർമാർജന സ്ക്വാഡിന്റെ പ്രവർത്തനം കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ചുവെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. നിലവിൽ പുതിയ സ്ക്വാഡ് രൂപീകരിച്ചിട്ടില്ലെന്നും വിവരാവകാശരേഖയിൽ നഗരസഭ നൽകിയിട്ടുണ്ട്. കൊതുക് നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചെറിയ കാനകൾ വൃത്തിയാക്കുന്നതിന് 25,000 രൂപ വീതം അനുവദിച്ചതായും വിവരാവകാശരേഖയിൽ പറയുന്നു. എന്നാൽ ഈ പ്രവർത്തനം ഇതുവരെ നടപ്പാക്കിയിട്ടില്ല.