BREAKING NEWSKERALALATEST

കൊച്ചി ഫ്‌ലാറ്റ് പീഡനം: പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍, പുറത്തു വരുന്നത് കൊടിയ പീഡനത്തിന്റെ കഥകള്‍

കൊച്ചി: നഗര മധ്യത്തിലെ ഫ്‌ലാറ്റില്‍ യുവതിയെ മാസങ്ങളോളം പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. മുണ്ടൂരിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതി ഒളിവില്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കിയിരുന്നു.
പ്രതി കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നും രക്ഷപെടുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവിട്ടിരുന്നു. ജൂണ്‍ എട്ടിന് പുലര്‍ച്ചെ നാല് മണിയോടെ കാക്കനാട്ടെ ഫ്‌ലാറ്റില്‍ നിന്നുമാണ് മാര്‍ട്ടിന്‍ രക്ഷപെട്ടത്. ഇയാള്‍ ഫ്‌ലാറ്റുകള്‍ മാറിമാറി കഴിയുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടു പേരാണ് ഫ്‌ലാറ്റില്‍ നിന്നും പുറത്തു പോയത്. മാര്‍ട്ടിന്‍ ജോസഫ് ഒളിവില്‍ കഴിയുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതോടെ തൃശൂരിലെ വനത്തില്‍ പോലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. വനത്തിലെ പ്രത്യേക താവളത്തിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. മാര്‍ട്ടിന്‍ മനോരോഗിയാണെന്നും ഇരകളെ ക്രൂരമായി പീഡിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന തരത്തിലുള്ള വ്യക്തിയാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് നാഗരാജു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
മാര്‍ട്ടിന്‍ പിടിയിലായത് സുഹൃത്തിന്റെ വീട്ടില്‍ നിന്നാണെന്നും റിപ്പോര്‍ട്ടുണ്ട്. മാര്‍ട്ടിന്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന പരാതിയുമായി മറ്റൊരു യുവതികൂടി രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഫ്‌ലാറ്റില്‍ കയറി മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ പോലീസ് കേസെടുത്തു.
കഴിഞ്ഞ മാര്‍ച്ചിലാണ് മാര്‍ട്ടിനൊപ്പം താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനിയായ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതി ശരീരത്തില്‍ ഗുരുതര പരിക്കുകളുമായി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ നിന്നും രക്ഷപെട്ടത്. പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പ്രതിക്കെതിരെ അന്വേഷണം നടത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. യുവതിയുടെ ശരീരത്തിലേറ്റ പരിക്കുകള്‍ വ്യക്തമാകുന്ന ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് പോലീസ് അന്വേഷണം നടത്താന്‍ തയ്യാറായത്. പൊള്ളലേറ്റതും മര്‍ദ്ദനമേറ്റതിന്റെ പാടുകളാണ് യുവതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
മാര്‍ട്ടിന്‍ ജോസഫില്‍ നിന്ന് യുവതി നേരിട്ടത് കൊടിയ പീഡനങ്ങളാണ്. ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുക, ബെല്‍റ്റ് കൊണ്ടടിക്കുക, കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ശരീരത്തില്‍ ചൂടുവെള്ളം ഒഴിക്കുക, മൂത്രം കുടിപ്പിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങളാണ് ദിവസങ്ങളോളം മാര്‍ട്ടിനില്‍ നിന്ന് യുവതി നേരിട്ടിരുന്നത്. ശാരീരിക ഉപദ്രവത്തിനു പുറമെ അഞ്ച് ലക്ഷം രൂപയും യുവതിയില്‍ നിന്ന് ഇയാള്‍ തട്ടിയെടുത്തിരുന്നു.
ക്രൂരപീഡനത്തിനിരയായ യുവതി എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വരുമ്പോഴാണ് മാര്‍ട്ടിനുമായി പരിചയത്തിലാകുന്നത്. ഇവര്‍ ഒരുമിച്ച് താമസിച്ചു വരുന്നതിനിടെ യുവതിയെ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലെത്തിച്ച് മാര്‍ട്ടിന്‍ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെ അതിക്രൂരമായ പീഡനം യുവതി നേരിട്ടു.
ഫ്‌ളാറ്റിന് പുറത്തു പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും മാര്‍ട്ടിന്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ദിവസങ്ങളോളം പീഡനം സഹിച്ച യുവതി ഒടുവില്‍ മാര്‍ട്ടിന്റെ കണ്ണുവെട്ടിച്ച് ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ എട്ടിനാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
മാര്‍ട്ടിന്‍ തൃശ്ശൂരില്‍ തന്നെയുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മാര്‍ട്ടിനെ തൃശ്ശൂരിലേക്ക് രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് കൂട്ടാളികളെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാര്‍ട്ടിന്റെ ഒളിത്താവളത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. തൃശ്ശൂര്‍ മുണ്ടൂരിലെ വീടിനോട് ചേര്‍ന്ന ആളൊഴിഞ്ഞ ചതുപ്പ് പ്രദേശത്താണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് വലിയ വീഴ്ച സംഭവിച്ചതായി ആക്ഷേപമുണ്ടായിരുന്നു. ഏപ്രിലില്‍ നടന്ന സംഭവത്തില്‍ രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഇതോടെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
കാക്കനാടുള്ള ജുവെല്‍സ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ജൂണ്‍ എട്ടിനാണ് മാര്‍ട്ടിന്‍ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളില്‍ ഉള്‍പ്പെടെ ഇക്കാര്യം വ്യക്തമായിരുന്നു.കൊച്ചിയില്‍ നിന്ന് തൃശൂരിലേക്ക് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബിഎംഡബ്യു കാര്‍ ഉള്‍പ്പെടെയുള്ള നാല് വാഹനങ്ങളും നേരത്തെ പോലീസ് പിടിച്ചെടുത്തിരുന്നു.
കേസില്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ വെള്ളിയാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് മാര്‍ട്ടിന്‍ പോലീസിന്റെ പിടിയിലായത്.
പരാതിക്കാരിയായ യുവതിയുടെ സുഹൃത്തിനെതിരേ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് മാര്‍ട്ടിനെതിരേയും സുഹൃത്ത് ധനേഷിനെതിരേയും മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker