തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം. പുനരന്വേഷണം വേണോ തുടരന്വേഷണം വേണമോയെന്ന നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് ഉടന്‍ കോടതി സമീപിക്കാനാണ് മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. കൊടകര കുഴല്‍പ്പണക്കേസില്‍ ഒരു പ്രാവശ്യം തുടരന്വേഷണം നടന്നിട്ടുണ്ട്. ആദ്യ കുറ്റപത്രത്തില്‍ 22 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. തുടരന്വേഷണത്തില്‍ ഒരു പ്രതിയെ കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം നല്‍കുകയായിരുന്നു.
കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. 2021 ഏപ്രില്‍ ഏഴിനാണ് കൊടകര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് ഒരാള്‍ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തില്‍ 2022 നവംബര്‍ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമര്‍പ്പിച്ചു. തൃശ്ശൂര്‍ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തില്‍ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവര്‍ക്ക് കൈമാറിയതായും കണ്ടെത്തി.
64 1 minute read