BREAKINGKERALA
Trending

കൊടകര കുഴല്‍പ്പണക്കേസ്: ‘ചാക്കില്‍ കെട്ടി ബിജെപി ഓഫീസില്‍ എത്തിച്ചു’; ഇഡി അന്വേഷിക്കണമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ഇ.ഡി. അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്ലാം നടന്നത് ബി.ജെ.പി. നേതൃത്വം അറിഞ്ഞുകൊണ്ടാണ്. കള്ളപ്പണമൊഴുക്കി തിരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ബി.ജെ.പിയുടെ രീതിയെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
‘ഏതോ ഒരു സ്ഥലത്ത് വെച്ച് നടന്ന തട്ടിക്കൊണ്ടുപോകല്‍ മാത്രമല്ല, ബിജെപി ഓഫീസിലേക്ക് തന്നെ കോടിക്കണക്കിന് രൂപ ചാക്കില്‍ കെട്ടിയ കള്ളപ്പണം വിതരണം ചെയ്തതിനിടയില്‍ ഉണ്ടായ സംഭവമാണ് കൊടകര. ഏറ്റവും ശക്തിയായ കേന്ദ്രീകൃതമായ കള്ളപ്പണ വിതരണം കേരളത്തിലുടനീളം സംഘടിപ്പിച്ചിട്ടുണ്ട്. 41.6 കോടിയെ സംബന്ധിച്ചാണ് ഇപ്പോള്‍ പറയുന്നത്. അതില്‍ ഓരോ ഭാഗത്തേക്കും എത്തിച്ചിട്ടുള്ളതും അതിനടിസ്ഥാനപ്പെടുത്തി നടത്തിയിട്ടുള്ള എല്ലാ കാര്യങ്ങളും കേരളത്തിലെ ബി.ജെ.പി. നേതൃത്വം അറിഞ്ഞുകൊണ്ടാണ്. കള്ളപ്പണം ഒഴുക്കി തിരഞ്ഞെടുപ്പിനെ എന്നത് ബിജെപി അഖിലേന്ത്യാ നേതൃത്വത്തിന്റേയും കേരള നേതൃത്വവും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന രീതി’- അദ്ദേഹം ആരോപിച്ചു.
കൊടകര വിഷയത്തില്‍ ശക്തമായ അന്വേഷണം നടക്കണം. കള്ളപ്പണംകൈകാര്യം ചെയ്തത് ബിജെപി നേതൃത്വത്തമാണ്. ഇ.ഡി. അന്വേഷിക്കണം. ഇ.ഡി. നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രമാണ്. ഭരണകക്ഷിയുടെ ഭാഗമായി വരുമ്പോള്‍ എന്ത് കൊള്ള നടത്തിയാലും യാതൊരു പ്രശ്‌നവുമില്ല എന്ന നിലപാടാണ്. ബിജെപി എന്താണോ ആഗ്രഹിക്കുന്നത് അതാണ് ഇ.ഡി. ചെയ്യുന്നത്. ഇത്രയും വലിയ കൊള്ള നടന്നിട്ടും ഇ.ഡിക്ക് യാതൊരു ഭാവവഭേദവുമില്ല. സമഗ്ര അന്വേഷണം വേണം. കേരള പോലീസിന്റെ അന്വേഷണം പാതിവഴിയില്‍ അല്ല. അന്വേഷണം കൃത്യമായി നടത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കൃത്യമായി ഇഡിക്കും എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കിട്ടുണ്ട്. അവര് അതില്‍ ഇടപെടുന്നില്ല. ഈ ഉപതിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ പണം ഉപയോഗിച്ചു കൊണ്ടിരിക്കുന്നു- എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മൂന്നരക്കോടിരൂപ കൊടകരയില്‍ കവര്‍ന്ന കേസിന്റെ നടപടി പുരോഗമിക്കേ, കള്ളപ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നുപറഞ്ഞ് ബി.ജെ.പി.യുടെ മുന്‍ ഓഫീസ് സെക്രട്ടറി രംഗത്തെത്തിയിരുന്നു. ചാക്കില്‍ക്കെട്ടി പണം പാര്‍ട്ടിയുടെ ജില്ലാ ഓഫീസില്‍ എത്തിച്ചെന്നും എത്ര രൂപയാണ് ഉണ്ടായിരുന്നത് എന്നറിയില്ലെന്നുമാണ് മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശ് പറഞ്ഞത്. പണം കൊണ്ടുവന്നത് പാര്‍ട്ടി അനുഭാവിയും വ്യാപാരിയുമായ ധര്‍മരാജ് ആണെന്നും പണച്ചാക്ക് ഓഫീസിലേക്ക് കയറ്റാന്‍ താന്‍ സഹായിച്ചെന്നും ഏതെല്ലാം നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് പിന്നീട് പുറത്തുവിടുമെന്നും സതീശ് പറഞ്ഞു.
എന്നാല്‍, സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ രണ്ടുവര്‍ഷം മുന്‍പ് സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടയാളാണ് സതീശെന്നും ഇപ്പോള്‍ സതീശിനെ സി.പി.എം. വിലയ്‌ക്കെടുത്തിരിക്കുകയാണെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാര്‍ പ്രതികരിച്ചു.

Related Articles

Back to top button