കൊച്ചി: കൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ഉന്നതനെന്ന് വിവരം. ഇക്കാര്യം പ്രത്യേക അന്വേഷണസംഘം ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചന. സംസ്ഥാനത്തെ മൂന്ന് ബിജെപി നേതാക്കളുടെ പേരും ഉണ്ട്. ബെംഗളൂരുവില്‍ നിന്ന് കോടികള്‍ സംഘടിപ്പിച്ച് കൊടുത്തത് ബെംഗളൂരുവിലെ ഉന്നതനാണെന്നാണ് വിവരം. ടവര്‍ ലൊക്കേഷനുകളടക്കമുള്ള നിര്‍ണായക വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലേക്ക് ഒഴുകിയത് 41 കോടി 20 ലക്ഷം രൂപയാണെന്നും പുറത്തുവരാത്ത റിപ്പോര്‍ട്ടിലുണ്ട്.
കേസില്‍ അന്വേഷണവുമായി മുമ്പോട്ട് പോയാല്‍ പല ബിജെപി നേതാക്കളിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലാകുന്നത്. പണം നല്‍കിയ ഉന്നതനിലേക്കും അന്വേഷണം എത്തും. പണം നല്‍കിയ ആ ഉന്നതന്‍ ആരാണ് എന്നത് സംസ്ഥാന പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇ.ഡിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
41 കോടി 20 ലക്ഷം രൂപയാണ് ധര്‍മ്മരാജന്‍ വഴി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലേക്ക് എത്തിയത്. ഓരോ ദിവസവും എങ്ങനെയാണ് പണം എത്തിയത്, ആരൊക്കെയാണ് കൊണ്ടുവന്നത്, ഏതൊക്കെ വാഹനത്തിലാണ് കൊണ്ടുവന്നത്… തുടങ്ങിയ വിവരങ്ങള്‍ വിശദമായിത്തന്നെ പ്രത്യേകാന്വേഷണ സംഘം ഇ.ഡി.ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. അത് ഇതുവരെ പുറത്തുവന്നിട്ടില്ല.
റിപ്പോര്‍ട്ട് പ്രത്യേകാന്വേഷണത്തിന്റെയും ഇഡിയുടേയും കൈവശമാണ് ഉള്ളത്. ഇതുവരെ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും ഇഡിഎടുത്തിട്ടില്ല.
സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പേരുടകളും ആരാണ് കേരളത്തില്‍ പണമിടപാടുകള്‍ നിയന്ത്രിച്ചിരുന്നത് തുടങ്ങിയവയടക്കം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൊടകരയില്‍ കുഴല്‍പ്പണം കൊള്ളയടിക്കപ്പെടുന്ന ദിവസം ആറര കോടി രൂപ തൃശ്ശൂരില്‍ എത്തിയിരുന്നു. ഇതോടൊപ്പം മൂന്നര കോടി രൂപ തൃശ്ശൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടു പോകുന്ന വഴിക്ക് വെച്ച് കൊള്ളയടിക്കുന്നത്. മറ്റൊരു ആറര കോടി രൂപ നേരത്തെ തന്നെ കേരളത്തില്‍ എത്തിച്ചിരുന്നു.
പിഎംഎല്‍എയുടെ പരിധിയില്‍ പെടുന്ന വിവരങ്ങള്‍ മറ്റൊരു റിപ്പോര്‍ട്ട് ആയാണ് ഇഡിക്ക് കൈമാറിയിരിക്കുന്നത്. ബെംഗളൂരുവില്‍ എങ്ങനെയാണ് ഹവാല ഇടപാടുകള്‍ നടക്കുന്നത് എന്നതടക്കമുള്ള വിശദാംശങ്ങളുണ്ട്. ടവര്‍ ലൊക്കേഷനുകളടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ട് ഹവാല ഓപ്പറേറ്റര്‍മാരില്‍ നിന്നാണ് ധര്‍മ്മരാജനിലേക്ക് പണം എത്തിയത്. ഓരോ തവണയും ബെംഗളൂരുവില്‍ എത്തുമ്പോള്‍ ഓരോ മൊബൈല്‍ നമ്പറുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നു. ഇതെല്ലാം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
50 1 minute read