തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10.30 യ്ക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ സുരേന്ദ്രന് ഹാജരാകും. പരാതിക്കാരനായ ധര്‍മരാജനും കെ.സുരേന്ദ്രനും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍. നേരത്തെ ജൂലായ് 6ന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും കെ.സുരേന്ദ്രന് കൂടുതല്‍ സമയം ചോദിച്ചു വാങ്ങുകയായിരുന്നു.
അതേസമയം ബി.ജെ.പിക്കാര്‍ക്ക് പോലും വിശ്വാസമില്ലാത്ത നേതാവാണ് സുരേന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആരോപിച്ചിരുന്നു. കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നു ഭയന്ന് സുരേന്ദ്രന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഉറക്കം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹം അതുമിതും പറയുന്നതെന്നും വിഡി സതീശന് പ്രതികരിച്ചു.
തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുവരെ സ്വര്‍ണക്കടത്തു കേസില്‍ ദിവസവും മുന്നു തവണ പത്രസമ്മേളനം നടത്തിയിരുന്ന സുരേന്ദ്രന് ഒരു സുപ്രഭാതത്തില്‍ അത് നിര്‍ത്തി മഞ്ചേശ്വരത്ത് ജയിക്കാനായി സിപിഎമ്മിന്റെ കാല്ക്കല് വീണു. പിണറായി വജയന്റെ കാല് പിടിച്ച് മഞ്ചേശ്വരത്ത് ജയിക്കാന്‍ ശ്രമം നടത്തിയ ആള് പിണറായി വിജയനെ എങ്ങനെ നേരിടണമെന്ന് എന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ല. പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം സുരേന്ദ്രന്റെ കൈയ്യില്‍ നിന്നും പഠിക്കേണ്ട ആവശ്യവുമില്ല. ക്രിയാത്മകവും സര്‍ഗാത്മകവുമായ പ്രതിപക്ഷമായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഞങ്ങളെ വഴി തെറ്റിക്കാന്‍ ബി.ജെ.പി ശ്രമിക്കേണ്ട. സുരേന്ദ്രനെ പോലുള്ള ഒരാളുടെ കൈയ്യില്‍ നിന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
കുഴല്‍പ്പണക്കേസില്‍ ഭയപ്പെട്ടിരിക്കുന്ന സുരേന്ദ്രന് അത് എങ്ങനെയെങ്കിലും ഒത്തുതീര്‍ക്കാന്‍ സി.പി.എമ്മുമായി സന്ധി സംഭാഷണം നടത്തുകയാണ്. മുഖ്യമന്ത്രിയുടെ കനിവിനു വേണ്ടി കാത്തു നില്‍ക്കുന്നതിനാലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഹാജരാകാന്‍ തയാറാകാത്തത്. അങ്ങനെയുള്ള ആളാണ് പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നത്. സി.പി.എമ്മിനെയും കേന്ദ്ര സര്‍ക്കാരിനെയും ക്രിയാത്മകയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് എതിര്‍ക്കുന്നത്. മുട്ടില്‍ മരംമുറി, കോവിഡ് മരണത്തിലെ പൊരുത്തക്കേട്, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പ്രശ്ങ്ങള്‍ എന്നിവയില്‍ പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചത്.