കൊടകര കുഴൽപ്പണക്കേസിൽ സർക്കാർ പുനരന്വേഷണത്തിന് നിർദ്ദേശിച്ച് CPIM സംസ്ഥാന സെക്രട്ടേറിയറ്റ്. പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നുമാണ് CPIMന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.കുഴൽപ്പണ കേസിൽ നേരത്തെ നടത്തിയ അന്വേഷണത്തിൽ നിന്ന് മുന്നോട്ട് പോകാൻ കഴിയുന്ന വെളിപ്പെടുത്തലാണ് ഇന്നലെ ട്വന്റി ഫോർ വാർത്ത പുറത്തുവിട്ടത്.സംഭവത്തിൽ ബിജെപി സംസ്ഥാന നേതാക്കളുടെ പേരുകൾ ഉൾപ്പടെയായിരുന്നു ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ.
കേസിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ബിജെപി കനത്ത പ്രതിരോധത്തിലാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. മാത്രവുമല്ല സർക്കാരിനെതിരെ നേരത്തെ ഒത്തുതീർപ്പ് ആക്ഷേപം ഉയർന്നുവന്നിരുന്നു. കേസിൽ മുൻപ് നടത്തിയ അന്വേഷണത്തിൽ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കന്മാരിലേക്കോ മറ്റുള്ളവരിലേക്കോ എത്താനുള്ള മൊഴികൾ ലഭിച്ചിരുന്നില്ല എന്നായിരുന്നു പൊലിസ് ചൂണ്ടികാണിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി ആയ തിരൂർ സതീശന്റെ വെളിപ്പെടുത്തൽ കേസിലെ നിർണായക തെളിവായി തന്നെ പുറത്തുവന്നിരിക്കുകയാണ്.