GULFNRI

കൊറോണയുടേയും ഹജ്ജിന്റേയും പശ്ചാത്തലത്തിലെ ഖത്തര്‍ പ്രവാസിയുടെ സംഗീത ആല്‍ബം തൗഫീക്ക്

ദോഹ: ഹജ്ജ്, കൊറോണ തുടങ്ങിയ സമകാലിക സാഹര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രശസ്ത നടന്‍ ജാഫര്‍ ഇടുക്കിയെ പ്രധാന കഥാപാത്രമാക്കി ഖത്തര്‍ പ്രവാസിയും സിനിമ നിര്‍മാതാവുമായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ സംവിധാനം ചെയ്യുന്ന ബക്രീദ് സംഗീത ആല്‍ബമായ തൗഫീക്ക് ശ്രദ്ധേയമാകുന്നു . പെരുന്നാള്‍ സമ്മാനമായി ഇന്നലെ ( വ്യാഴം) പുറത്തിറങ്ങിയ തൗഫീക്ക് സഹൃദയ മനസുകളെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹക്കീം അബ്ദുള്‍ റഹ്മാന്‍ എഴുതിയ വരികള്‍ക്ക് ശ്യാം ധര്‍മ്മന്‍ സംഗീതം പകര്‍ന്ന് കലാഭവന്‍ നവാസ് ,ശ്യാം ധര്‍മ്മന്‍ എന്നിവരാണ് ഗാനമാലപിച്ചിരിക്കുന്നത്.
ആഴമേറിയ ഭക്തിയോടും സ്‌നേഹത്തോടും കൃത്യ നിഷ്ഠയോടെ ജിവിക്കുന്ന മുക്രി ജബ്ബാറിന് ഒരൊറ്റ ആഗ്രഹമേയുള്ളു. ഹജ്ജിന് പോവണം….അതിനുള്ള ഒരുക്കളൊക്കെ ശരിയാക്കി കൊണ്ടിരിക്കുമ്പോഴാണ് ലോകമാകെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ് പടര്‍ന്നു വന്നത്.
അതോടെ പള്ളിയില്‍ ആളുകള്‍ വരാതാവുകയും എല്ലാ തരത്തിലും ജബ്ബാര്‍ ഒറ്റപ്പെടുകയും ചെയ്യുന്നു.തന്റെ കഷ്ടപ്പാടുകള്‍ക്കപ്പുറം ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ട് ഹൃദയം തേങ്ങി.അന്നേരം ദേവദൂതനായി ഒരാള്‍ മുന്നിലെത്തി നല്കിയ ആഹാരവും കുറച്ചു പണവും സന്തോഷത്തോടെ മറ്റുള്ളവര്‍ പങ്കുവെക്കുന്നു.
അതോടൊപ്പം തന്നെ ഈ പെരുനാളിന് പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവാദം ലഭിക്കുന്നതോടെ കൂടുതല്‍ സന്തോഷത്തോടെ പരമ കാരുണ്യവാനായ അള്ളാഹുവിനോട് മറ്റുള്ളവര്‍ക്കു വേണ്ടി മുക്രി ജബ്ബാര്‍ പ്രാര്‍ത്ഥിക്കുന്നതിന്റെ ഹൃദയസ്പര്‍ശിയായ ദൃശ്യാവിഷ്‌ക്കാരമാണ് തൗഫീക്ക്’ എന്ന മ്യൂസിക് ആല്‍ബം. ജാഫര്‍ ഇടുക്കി, മുക്രി ജബ്ബാറായി പ്രേക്ഷകരുടെ മനം കവരും വിധത്തില്‍ അഭിനയിച്ചിട്ടുണ്ട്.
സൂപ്പര്‍ ഹിറ്റ് ചിത്രമായ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ സലാവുദ്ദീന്‍ അബ്ദുള്‍ ഖാദര്‍ ആദ്യമായി സംവിധായകനാവുകയാണ് ‘തൗഫീക്ക് ‘ലൂടെ. ആശയവും സംവിധാനവും അദ്ദേഹം തന്നെ.
മ്യൂസിക് വാലി,ഏ ജി വിഷന്‍,ഹദീല്‍സ് മില്ലിജോബ് എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന്റെ തിരക്കഥ അജിത് എന്‍ വി യാണ്. ക്യാമറ,ക്രീയേറ്റീവ് ഡയറക്ടര്‍ ഉണ്ണി വലപ്പാട്,എഡിറ്റര്‍ ഇബ്രു,പ്രൊജക്റ്റ് ഡിസൈസനര്‍ അനില്‍ അങ്കമാലി, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍ ഡോക്ടര്‍ ഫുആദ് ഉസ്മാന്‍(ഖത്തര്‍),നിസ്സാര്‍ കാട്ടകത്ത്(സൗദി ആറേബ്യ),നൗഷാദ് സുലൈമാന്‍(ഒമന്‍),അബ്ദുള്‍ കരീം അലി(സൗദി ആറേബ്യ) എന്നിവരും ഈ ആല്‍ബത്തിന്റെ വിജയശില്‍പികളാണ്.

Related Articles

Back to top button