പാലക്കാട്: ആടിനെ വിറ്റ് കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കൊല്ലത്തെ സുബൈദയെ മലയാളികൾ മറന്നു കാണില്ല. ഇപ്പോഴിതാ അതേ മാതൃകയുമായി പാലക്കാട് നിന്നും ഒരു വീട്ടമ്മ സർക്കാരിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകി നാടിന് അഭിമാനമാവുകയാണ്.
പാലക്കാട് തൃത്താലയ്ക്ക് സമീപം പട്ടിത്തറ പഞ്ചായത്തിലെ ഒതളൂർ സ്വദേശി ജാനകിയാണ് ആടിനെ വിറ്റു കിട്ടിയ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മഹാമാരി മൂലം പ്രതിസന്ധിയിലായ നാടിന് കൈത്താങ്ങാവാൻ തന്നാൽ കഴിയുന്ന സഹായം നല്കണമെന്ന ചിന്തയാണ് ജാനകിയെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്കണമെന്ന് കരുതിയതാണ് ജാനകി. എന്നാൽ വിവിധ കാരണങ്ങളാൽ അതിന് സാധിച്ചില്ല. കോവിഡ് എന്ന മഹാമാരി കേരളത്തെയും ബാധിച്ചതോടെ ജാനകി ഇത്തവണയെങ്കിലും കഴിയുന്ന സഹായം നല്കണമെന്ന് ഉറപ്പിച്ചു. ഇതിനിടെ മകളുടെ വിവാഹ നിശ്ചയം മാറ്റിവെയ്ക്കേണ്ടി വന്നു. അതിന് കരുതി വെച്ച പണമാണ് ജാനകി ഒരു മടിയുമില്ലാതെ നാടിനായി നീക്കി വെച്ചത്.