കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനേ തുടര്‍ന്ന് കാണാതായ രണ്ട് യുവതികളുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍നിന്ന് കണ്ടെത്തി. ഊര്യായിക്കോട് സ്വദേശി ആര്യ(23)യുടെയും ഗ്രീഷ്മ(22)യുടെയും മൃതദേഹമാണ് കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. നാലരയോടെയാണ് ഗ്രീഷ്മയുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് രേഷ്മ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യ, അവരുടെ ബന്ധു എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
രേഷ്മ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണിന്റെ സിം കാര്‍ഡ് ആര്യയുടെ പേരിലുള്ളതായിരുന്നു. ഇതുപയോഗിച്ചാണ് ഇവര്‍ ഫെയ്സ്ബുക്ക് ഉപയോഗിച്ചിരുന്നത്. ഫെയ്സ്ബുക്കില്‍ ഒരിക്കല്‍ പോലും കാണാത്ത വ്യക്തി നല്കിയ നിര്‍ദേശം അനുസരിച്ച് കുഞ്ഞിനെ കൊലപ്പെടുത്തി എന്നാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ തേടുന്നതിനായാണ് ഇവരെ വിളിപ്പിച്ചത്.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അവര്‍ ഹാജരായിരുന്നില്ല. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പോലീസ് അന്വേഷിച്ചപ്പോഴാണ് അവരെ കാണാനില്ല എന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഇത്തിക്കരയാറിന്റെ സമീപത്തുകൂടി ഇവര്‍ പോകുന്നതായി കണ്ടിരുന്നു. ഇത്തിക്കരയാറ്റില്‍ ഫയര്‍ഫോഴ്സും പോലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.