ന്യൂഡല്‍ഹി: കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബത്തിന് 45 ലക്ഷവും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാമെന്ന ഉറപ്പില്‍ ലഖിംപുര്‍ ഖേഡിയിലെ സമരം കര്‍ഷകര്‍ അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഉറപ്പിന്മേല് കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിട്ടുനല്‍കി.
കൊല്ലപ്പെട്ട നാല് കര്‍ഷകരുടെയും കുടുംബത്തിന് 45 ലക്ഷം വീതം ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കൊണ്ട് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
10 കര്‍ഷകരാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. ഇതില്‍ നാലു പേര് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര സഞ്ചരിച്ച വാഹമിനിടിച്ചാണ് മരിച്ചത്. ആശിഷ് മിശ്രയ്ക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്കി.
അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ കര്‍ഷകര്‍ രണ്ടു വാഹനങ്ങള്‍ക്ക് തീയിട്ടിരുന്നു. വാഹനങ്ങള്‍ തടഞ്ഞ് കര്‍ഷകര്‍ യാത്രക്കാരെ മര്‍ദിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. മന്ത്രി അജയ് മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്നും കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവം സുപ്രീംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു.
ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ടികോനിയബംബിര്പുര് റോഡിലാണ് കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. കരിങ്കൊടിപ്രതിഷേധം നടത്താനായി ഉപമുഖ്യമന്ത്രി വന്നിറങ്ങുന്ന ഹെലിപാഡിനുസമീപമാണ് കര്‍ഷകര്‍ ഒത്തുചേര്‍ന്നത്. ഞായറാഴ്ച്ച രാവിലെ ഒമ്പതു മുതല്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചു. എന്നാല്‍, മന്ത്രി ഹെലികോപ്റ്ററില്‍ വരാതെ ലഖ്നൗവില്‍നിന്നു റോഡുമാര്‍ഗമെത്തി. പോലീസ് ഇക്കാര്യം അറിയിച്ചതോടെ ഉച്ചയ്ക്കു കര്‍ഷകര്‍ മടങ്ങിപ്പോവാന്‍ തുടങ്ങി. രണ്ടേകാലോടെ ആശിഷ് മിശ്രയും കൂട്ടാളികളും സഞ്ചരിച്ച മൂന്നു കാറുകള്‍ റോഡരികില്‍ കര്‍ഷകര്‍ക്കിടയിലേക്കു ഇടിച്ചുകയറുകയായിരുന്നു. ഒരാള്‍ വെടിയുതിര്‍ത്തതായും ദൃക്സാക്ഷികള്‍ പറഞ്ഞു.