ന്യൂഡല്‍ഹി: കൊവിഡ് മുക്തനായ അധോലോക കുറ്റവാളി ഛോട്ടാ രാജന് ആശുപത്രി വിട്ടു. തിഹാര്‍ ജയിലില്‍ തടവിലായിരിക്കവെയാണ് ഛോട്ടാ രാജന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കൊവിഡ് മുക്തനായതിനെ തുടര്‍ന്ന് ഛോട്ടാ രാജന് തിഹാര്‍ ജയിലിലേക്ക് മടങ്ങി. ഡല്‍ഹി എയിംസിലാണ് ഛോട്ടാ രാജനെ ചികിത്സിച്ചിരുന്നത്. കഴിഞ്ഞ മാസം 25നാണ് കൊവിഡ് പോസിറ്റീവായി ആരോഗ്യനില വഷളായ ഛോട്ടാ രാജനെ എയിംസില്‍ പ്രവേശിപ്പിച്ചത്.
ദിവസങ്ങള്‍ക്കു മുന്‍പ് ഛോട്ടാ രാജന് കൊവിഡ് ബാധിച്ച് മരിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നീട് ഇത് എയിംസ് അധികൃതര്‍ തന്നെ തള്ളി. മരിച്ചിട്ടില്ലെന്നും രാജന് അതീവ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എയിംസില്‍ ഛോട്ടാ രാജനു ചികിത്സ നല്‍കിയതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. എയിംസിലെ മറ്റു രോഗികള്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ രാജ്യാന്തര കുറ്റവാളിയായ ചോട്ടാ രാജനു നല്കി എന്ന ആരോപണം ഏറെ ചര്‍ച്ചയായി.
മുംബൈ അധോലോകത്തിലെ ഏറ്റവും പ്രധാനിയായിരുന്നു ഛോട്ടാ രാജന്. 2017ല്‍ മാലിയില്‍ നിന്ന് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. ഛോട്ടാ രാജന് ചെയ്തതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സിനിമാ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നയാളില്‍ നിന്ന് അധോലോക നേതാവായി വളര്‍ന്നയാളാണ് ഛോട്ടാ രാജന്.
തീഹാര്‍ ജയിലില്‍ കഠിന തടവ് അനുഭവിക്കുകയായിരുന്നു ഛോട്ടാ രാജന്. ശ്വാസകോശ രോഗിയായ ഛോട്ടാ രാജന് കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചിരുന്നു.