ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിലെ ലൈബ്രറിയില്‍ മലിനജലം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസയച്ചു. കോച്ചിങ് സെന്ററുകള്‍ക്ക് എന്തെല്ലാം നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. കോച്ചിങ് സെന്ററുകളെ മരണ അറകള്‍ എന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം സ്ഥാപനങ്ങള്‍ കുട്ടികളുടെ ജീവന്‍ വെച്ച് കളിക്കുകയാണെന്നും വിമര്‍ശിച്ചു. നൂറോളം കോച്ചിങ് സെന്ററുകളാണ് ഡല്‍ഹിയില്‍ മാത്രമുള്ളത്. ഐ.എ.എസ്. പരീക്ഷയ്ക്കുള്ള പരിശീലനത്തിന് വിദ്യാര്‍ഥികളില്‍നിന്ന് അമിത ഫീസ് ഈടാക്കുന്ന ഇവര്‍ പക്ഷെ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന വിമര്‍ശനവും കോടതി നടത്തി.
അതിനിടെ, അഗ്‌നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫെഡറഷന് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
‘റാവൂസ്’ എന്ന സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ (28) അടക്കം മൂന്ന് വിദ്യാര്‍ഥികളായിരുന്നു അപകടത്തില്‍ മരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയായിരുന്നു നെവിന്‍. തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ജൂലായ് 27-ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിങ് സെന്റര്‍ ലൈബ്രറിയിലേക്ക് വെള്ളം കയറുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
വിഷയത്തില്‍ വിദ്യാര്‍ഥികള്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയതിനു പിന്നാലെ നടപടികളുമായി കോര്‍പഷേന്‍ രംഗത്തെത്തിയിരുന്നു. ദാരുണസംഭവം നടന്ന റാവൂസ് ഐ.എ.എസ്. സ്റ്റഡി സര്‍ക്കിള്‍ പോലീസ് അടച്ചുപൂട്ടുകയും ഉടമ അഭിഷേക് ഗുപ്തയേയും കോഓര്‍ഡിനേറ്റര്‍ ദേശ്പാല്‍ സിങ്ങിനേയും അറസ്റ്റുചെയ്യുകയുമുണ്ടായി. തുടര്‍ന്ന് അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി ഓള്‍ഡ് രാജേന്ദ്രനഗറിലെ 13 പരീക്ഷാപരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടി. വിദ്യാര്‍ഥികളുടെ മരണത്തില്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയേയും രൂപവത്കരിച്ചിട്ടുണ്ട്.
58 1 minute read