BREAKING NEWSKERALALATEST

കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസാഗരം; വിലാപ യാത്ര ആരംഭിച്ചു

സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു. എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.

വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം മട്ടന്നൂരിലേക്ക് കൊണ്ടു പോകും. അവിടെ നിന്നായിരിക്കും വിലാപ യാത്ര ആരംഭിക്കുക. മട്ടന്നൂരില്‍ നിന്ന് കൂത്തുപറമ്പും കടന്ന് തലശ്ശേരിയില്‍ എത്തും. 14 ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാംമൈല്‍, വേറ്റുമല്‍, കതിരൂര്‍, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

മൃതദേഹം വിലാപ യാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടു പോകുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ അന്ത്യോപചാരമര്‍പ്പിക്കും. ചില മന്ത്രിമാര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മറ്റ് മന്ത്രിമാരടക്കമുള്ള നേതാക്കള്‍ ടൗണ്‍ ഹാളിലും എത്തുമെന്ന് ജയരാജന്‍ വ്യക്തമാക്കി.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും നാളെ രാവിലെ എത്തിച്ചേരും. അവര്‍ കണ്ണൂരില്‍ വച്ചായിരിക്കും അഭിവാദ്യം ചെയ്യുന്നതും പുഷ്പചക്രം അര്‍പ്പിക്കുന്നതും. മറ്റ് സംസ്ഥാനങ്ങളിലുള്ള പാര്‍ട്ടി നേതാക്കളും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker