BREAKING NEWSKERALA

കോണ്‍ഗ്രസിലെ ശീതപ്പോരിനിടെ തരൂര്‍ ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ ചേരി തിരിവിനും ശീതപ്പോരുകള്‍ക്കുമിടെ ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. എംപി എന്ന നിലയിലെ പൊതു പരിപാടികള്‍ക്ക് പുറമെ കത്ത് വിവാദത്തില്‍ കോര്‍പറേഷന് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിലും തരൂര്‍ എത്തും. രാവിലെ പത്ത് മണിക്കാണ് തരബര്‍ കോര്‍പറേഷന് മുന്നിലെ സമരവേദിയിലെത്തുക. ഇത്രവലിയ സമരപരിപാടികള്‍ തലസ്ഥാനത്ത് നടന്നിട്ടും ഇക്കാര്യത്തില്‍ രാഷ്ട്രീയ പ്രതികരണമോ പങ്കാളിത്തമോ തരൂരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം പ്രതിപക്ഷ നേതാവ് തന്നെ പരോക്ഷമായി സൂചിപ്പിച്ച സാഹചര്യത്തില്‍ കൂടിയാണ് തരൂര്‍ സമര വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയമാണ്. മാസങ്ങളായി തുടരുന്ന വിഴിഞ്ഞം സമരത്തിലും നേതൃത്വത്തില്‍ നിന്ന് ഭിന്നമായ നിലപാടാണ് തരൂരിനുള്ളത്. ഇക്കാര്യങ്ങളെല്ലാം ഇന്ന് ചര്‍ച്ചയിലേക്ക് വരാനാണ് സാധ്യത.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന വി ഡി സതീശന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ശശി തരൂര്‍ മുന്നോട്ട് നീങ്ങുന്നത്. മലബാര്‍ സന്ദര്‍ശനത്തിന് പിന്നാലെ മറ്റു ജില്ലകളിലും സമാനമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാണ് നീക്കം. അടുത്ത മാസം മൂന്നിന് കോട്ടയത്തും നാലിന് പത്തനംതിട്ടയിലും തരൂര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അതേസമയം, വിഭാഗീയതയെ കുറിച്ചുള്ള ചോദ്യങ്ങളോട് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ പ്രതികരിച്ചില്ല.
ശശി തരൂരിന്റെ മലബാര്‍ സന്ദര്‍ശന വിവാദത്തില്‍ പരസ്യ പ്രതികരണങ്ങള്‍ അവസാനിപ്പിക്കണമെന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിര്‍ദ്ദേശം. പിന്നാലെ വിഭാഗീയത അനുവദിക്കില്ലെന്ന വി ഡി സതീശന്റെ ശാസന രൂപത്തിലുളള മുന്നറിയിപ്പും വന്നു. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ക്ക് അധികം ആയുസ്സില്ലെന്ന പരിഹാസവും ഉണ്ടായി. എല്ലാം ചിരിച്ചുതളളി തരൂര്‍ തന്റെ പര്യടന പരിപാടികളുമായി മുന്നോട്ട് നീങ്ങുകയാണ്. ശക്തമായ പിന്തുണയുമായി എം കെ രാഘവന് പിന്നാലെ കെ മുരളീധരനും രംഗത്തെത്തി. വടക്കന്‍ കേരളത്തിലെ നാലു ദിവസത്തെ സന്ദര്‍ശനം പ്രതീക്ഷിച്ചതിലേറെ പിന്തുണ നേടുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയും ചെയ്ത സാഹചര്യത്തില്‍ മറ്റു ജില്ലകളിലും സമാനമായ പരിപാടികള്‍ക്കാണ് തരൂരിന്റെ നീക്കം. മൂന്നിന് കോട്ടയത്ത് കെഎം ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്ന തരൂര്‍ അന്നു തന്നെ പാല ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും. നാലിന് പത്തനംതിട്ടയിലാണ് പരിപാടി. തരൂരിന്റെത് വിഭാഗീയ നീക്കം തന്നെയെന്നാണ് ഐ ഗ്രൂപ്പ് വിലയിരുത്തല്‍. എന്നാല്‍ എ ഗ്രൂപ്പ് തരൂരിന് പിന്തുണയുമായി കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. വര്‍ദ്ധിച്ച പിന്തുണയ്ക്ക് തെളിവായി കണ്ണൂര്‍ കണ്ട ആവേശകരമായ സ്വീകരണം.
പാര്‍ട്ടി നേതൃത്വം വിളിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പറഞ്ഞ എം കെ രാഘവന്‍ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പറയാതെ പറഞ്ഞു കഴിഞ്ഞു. തരൂരിന്റെ പരിപടിയുടെ സംഘാടന ചുമതയില്‍ നിന്നുളള യൂത്ത് കോണ്‍ഗ്രസ് പിന്‍മാറ്റത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഘവന്‍ ഹൈക്കമാന്റിന് കത്ത് നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ തരൂരിന് പിന്തുണയുമായി കൂടുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരെത്തുമ്പോള്‍ എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അറിയേണ്ടത്

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker