LATESTKERALAPOLITICS

കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല; മുതിര്‍ന്ന നേതാക്കളുടെ പരാതി പരിഹരിച്ച് മുന്നോട്ടുപോകും; വി.ഡി സതീശന്‍

കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്കുള്ള പരാതികള്‍ പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുകയാണ്. പുനസംഘടന അതിന്റെ രണ്ടാം ഘട്ട്ത്തിലേക്ക് കടന്നെന്നും എത്രയും വേഗം അത് പൂര്‍ത്തിയാക്കുമെന്നും വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘കോണ്‍ഗ്രസില്‍ നിലവില്‍ പ്രശ്‌നങ്ങളില്ല. മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം ശരിയായി നടന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ആ പരാതി പരിഹരിച്ച് മുന്നോട്ടുപോകും. തുടര്‍ച്ചയായി ഉണ്ടായ രണ്ടുതോല്‍വികള്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും നിരാശരാക്കിയിട്ടുണ്ട്. അവരുടെ ആത്മവിശ്വാസത്തിനും മങ്ങലേറ്റിരുന്നു. ഇപ്പോള്‍ സംഘടനാപരമായ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുകയാണ് ‘.

മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ച പരാതികള്‍ അവരെ നേരിട്ട് കണ്ട് പരിഹരിച്ച് മുന്നോട്ടുപോകും. അതല്ലാതെ കോണ്‍ഗ്രസിനുള്ളില്‍ ഒരു പ്രശ്‌നവുമില്ല. പൂര്‍വ്വാധികം ഭംഗിയോടെ മുന്നോട്ടുപോകുകയാണ് പാര്‍ട്ടി. പാര്‍ട്ടി പുനസംഘടനയുടെ രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനാവശ്യമായ ചര്‍ച്ചകളാണ് നിലവില്‍ നടക്കുന്നത്. എത്രയും പെട്ടന്ന് പുനസംഘടന പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker