BREAKING NEWSLATESTNATIONAL

കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റ് ജനുവരിയില്‍, ജനറല്‍ സെക്രട്ടറിമാര്‍ മാറും

ന്യൂഡല്‍ഹി : കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റ് ജനുവരിയില്‍ ചുമതലയേറ്റെടുത്തേക്കും. പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകളും കൂടിയാലോചനകളും ഡല്‍ഹിയില്‍ തുടരുകയാണ്. മുന്‍ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും അധ്യക്ഷപദവി ഏറ്റെടുക്കണമെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ഏ കെ ആന്റണി തുടങ്ങി നിരവധി പേര്‍ പ്രവര്‍ത്തകസമിതിയോഗത്തിലും ഇക്കാര്യം ആവശ്യപ്പെട്ടു.

എന്നാല്‍ രാഹുല്‍ഗാന്ധി പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് മനസ്സുതുറന്നിട്ടില്ല. രാഹുല്‍ വിസമ്മതിച്ചാല്‍ പ്രിയങ്കയെ പ്രസിഡന്റ് പദവിയിലേക്ക് നിയമിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് ആകാനില്ലെന്നാണ് പ്രിയങ്ക നേരത്തെ വ്യക്തമാക്കിയിരുന്നത്. നിലപാടില്‍ ഇരുവരും ഉറച്ചുനില്‍ക്കുന്നപക്ഷം ഗാന്ധി കുടുംബത്തിന് വെളിയില്‍ നിന്നും പ്രസിഡന്റിനെ കണ്ടെത്തുന്നതിനെക്കുറിച്ചും കൂടിയാലോചനകള്‍ നടക്കുന്നുണ്ട്.

അടുത്ത വര്‍ഷം കേരളം ഉള്‍പ്പെടെ അഞ്ചുസംസ്ഥാനങ്ങളിലേക്കും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി സംസ്ഥാനങ്ങളാണ് 2021 ല്‍ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഈ സാഹചര്യത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി സ്ഥിരം പ്രസിഡന്റിനെ നിയമിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ശ്രമം.

ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് 2019 മെയ് മാസത്തില്‍ രാഹുല്‍ഗാന്ധി പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത സോണിയാഗാന്ധി, അധ്യക്ഷപദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞു. അടുത്തിടെ പാര്‍ട്ടിക്ക് സ്ഥിരം പ്രസിഡന്റ് വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ദേശീയനേതൃത്വത്തിന് കത്തുനല്‍കിയത് പൊട്ടിത്തെറിയുടെ വക്കിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥിരം പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ചൂടുപിടിച്ചത്.

Tags

Related Articles

Back to top button
Close