കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പൂര്‍ത്തിയായി. 90ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. പുതിയ അധ്യക്ഷനെ മറ്റന്നാള്‍ അറിയാം. മല്ലികാര്‍ജുന്‍ ഗാര്‍ഖെയും ശശി തരൂരുമായിരുന്നു മത്സരാര്‍ഥികള്‍.കേരളത്തില്‍ 95.66 ശതമാനാണ് പോളിങ്ങ്. ലൈംഗികാരോപണക്കേസില്‍ ഒളിവില്‍ കഴിയുന്ന എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി വോട്ട് രേഖപ്പെടുത്തിയില്ല. ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് നൂറ് ശതമാനമാണ് പോളിങ്ങ്. ഡല്‍ഹിയിലെയും രാജസ്ഥാനിലെയും പിസിസികളില്‍ 90 ശതമാനത്തിലധികമാണ് പോളിങ്ങ്.
ശശി തരുര്‍ തിരുവനന്തപുരത്തും മല്ലികാര്‍ജുന്‍ ഗാര്‍ഖെ ബംഗളുരുവിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന ശശി തരൂര്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടാന്‍ പാര്‍ട്ടിക്ക് വലിയ ഊര്‍ജ്ജം ആവശ്യമുണ്ട്. അതിനുള്ള പുനരുജ്ജീവനത്തിനാണ് താന്‍ ശ്രമിച്ചത്. തന്റെ സന്ദേശം ജനങ്ങള്‍ കേട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ കേട്ടിട്ടുണ്ടെങ്കില്‍ ഇന്നത്തെ വോട്ടിങ്ങിലും കാണും. തന്റെ സ്ഥാനത്തിന് വേണ്ടിയല്ല മത്സരിക്കുനന്ത്. രാജ്യത്തിന് ശക്തമായ കോണ്‍ഗ്രസിനെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് മത്സരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എഐസിസി ആസ്ഥാനത്താണ് വോട്ട് ചെയ്തത്. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധി കര്‍ണാടക ബല്ലാരിയിലെ സംഗനാക്കല്ലിലെ കേന്ദ്രത്തിലാണ് വോട്ട് ചെയ്തത്. എഐസിസിയിലും, പിസിസി കളിലുമായി 67 ബൂത്തുകളും, ഭാരത് ജോഡോ യാത്രയില്‍ ഒരു ബൂത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള ബാലറ്റുകള്‍ ഒക്ടോബര്‍ 18-ന് ഡല്‍ഹിയിലെത്തിക്കും. 19-നാണ് വോട്ടെണ്ണല്‍.കോണ്‍ഗ്രസിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താന്‍ പോകുന്നത്.