കോയമ്പത്തൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍, പെണ്‍കുട്ടിയോടു മോശമായി പെരുമാറിയ സ്വകാര്യ സ്കൂള്‍ മുന്‍ അധ്യാപകനെ പോക്സോ കേസില്‍ ഓള് വിമന്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടി നേരത്തെ പഠിച്ച ആര്‍എസ് പുരത്തെ സ്വകാര്യ സ്കൂളിലെ മുന്‍ അധ്യാപകന് മിഥുന് ചക്രവര്‍ത്തിയെ (31) ആണ് അറസ്റ്റ് ചെയ്തത്.
സ്കൂളിലെ പ്രധാനാധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട രക്ഷിതാക്കള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചു. ആര്‍എസ് പുരത്തെ കോര്പറേഷന് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ 17 വയസ്സുകാരിയെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പ് സ്വകാര്യ സ്കൂളില്‍ പഠിക്കുമ്പോള്‍ പെണ്‍കുട്ടിയോട് മിഥുന് ചക്രവര്‍ത്തി മോശമായി പെരുമാറിയതിനെത്തുടര്ന്നുണ്ടായ മാനസിക വിഷമത്തിലാണ് ജീവനൊടുക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ മോശമായി സംസാരിച്ചെന്നും കഴിഞ്ഞ മാര്‍ച്ചില്‍ പ്രത്യേക ക്ലാസുണ്ടെന്നു പറഞ്ഞ് സ്കൂളില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നുമാണ് ആരോപണം. പ്രധാന അധ്യാപികയോടു പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്ന്നാണത്രെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കഴിഞ്ഞ സെപ്റ്റംബറില്‍ കോര്പറേഷന് സ്കൂളിലേക്കു മാറ്റിയത്.
വീട്ടില്‍ നിന്നു കണ്ടെടുത്ത, പെണ്‍കുട്ടി എഴുതിയതായി കരുതുന്ന കത്തില്‍ മിഥുന് ചക്രവര്‍ത്തിയെ കൂടാതെ രണ്ടു പേരുകള്‍ കൂടിയുണ്ടെന്നു പൊലീസ് പറഞ്ഞു.
മിഥുന് ചക്രവര്‍ത്തി സെപ്റ്റംബറില്‍ സ്കൂളില്‍ നിന്നു രാജിവച്ചിരുന്നു. മിഥുന് ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്. സ്വകാര്യ സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെയും പോക്സോ നിയമത്തില്‍ കേസെടുത്തു. ഇവര്‍ ഒളിവിലാണ്.