കോളറ രോഗം പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളെ അപകടത്തിലാക്കി വാക്‌സിന്‍ ക്ഷാമം. ആഗോള ശേഖരത്തില്‍ വാക്‌സിന്‍ സ്റ്റോക്കുകള്‍ അവശേഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വെളിപ്പെടുത്തി. ആഗോളതലത്തില്‍ വാക്സിന്‍ ഉത്പാദനം പൂര്‍ണ്ണശേഷിയില്‍ നടക്കുന്നുണ്ടെങ്കിലും ആവശ്യം വിതരണത്തേക്കാള്‍ കൂടുതലാണെന്നും ഡബ്ല്യുഎച്ച്ഒ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. സംഭരിച്ചുവെച്ചിരുന്ന ഓറല്‍ കോളറ വാക്സിന്‍ ഒക്ടോബര്‍ 14ന് പൂര്‍ണമായും തീര്‍ന്നതായി ലോകാരോഗ്യ സംഘടന പറഞ്ഞു.
വരും ആഴ്ചകളില്‍ കൂടുതല്‍ ഉത്പാദനം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും നിലവിലെ ദൗര്‍ലഭ്യം പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ഒന്നിനും ഒക്ടോബര്‍ 14 നും ഇടയില്‍ ബംഗ്ലാദേശ്, സുഡാന്‍, നൈജര്‍, എത്യോപ്യ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് കോളറ വാക്സിനായുള്ള അഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നതായും 8.4 ദശലക്ഷം ഡോസുകള്‍ ആവശ്യപ്പെട്ടെങ്കിലും 7.6 ദശലക്ഷം ഡോസുകള്‍ മാത്രമേ കയറ്റുമതി ചെയ്യാന്‍ സാധിച്ചുള്ളൂവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
2024-ല്‍ സെപ്റ്റംബര്‍ 29 വരെ 4,39,724 കോളറ കേസുകളും 3,432 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഈ വര്‍ഷം കേസുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറവാണെങ്കിലും, മരണ നിരക്ക് 126 ശതമാനം വര്‍ധിച്ചത് ആശങ്കാജനകമാണ്.
68 Less than a minute