NATIONALNEWS

കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ ഗുണം ചെയ്തു; കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോക്ക്ഡൗണ്‍ സഹായകമായതായി കേന്ദ്രസര്‍ക്കാര്‍. യഥാസമയം കോവിഡ് രോഗികളെ കണ്ടെത്തി ചികിത്സ നല്‍കാന്‍ സാധിച്ചതും കോവിഡ് വ്യാപനം തടയുന്നതില്‍ നിര്‍ണായകമായതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ലോകത്ത് ഒരു ലക്ഷം ജനങ്ങളില്‍ ശരാശരി 4.4 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ഇത് ഒരു ലക്ഷം ജനങ്ങളില്‍ കേവലം 0.3 മാത്രമാണ്. ലോകത്ത് തന്നെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ഏറ്റവും കുറവുളള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്‍പ്പെടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. യഥാസമം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് കോവിഡ് വ്യാപനം തടയാന്‍ സഹായകമായത്. കൂടാതെ രോഗികളെ കൃത്യമായി തിരിച്ചറിയാന്‍ സാധിച്ചതും രോഗവ്യാപനം കുറയുന്നതില്‍ നിര്‍ണായകമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ തോത് കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് സ്ഥിരീകരിക്കുന്നവരില്‍ മരിക്കുന്നവരുടെ തോത് 3.3 ശതമാനത്തില്‍ നിന്ന് 2.8 ശതമാനമായാണ് താഴ്ന്നത്.

കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതും ആശ്വാസം നല്‍കുന്നു. ഇതുവരെ 60,490 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇത് മൊത്തം കോവിഡ് സ്ഥിരീകരിച്ചവരില്‍ 41.61 ശതമാനം വരുമെന്നും ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.

24 മണിക്കൂറിനിടയില്‍ രാജ്യത്ത് 6,535 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സമയപരിധിയില്‍  146 പേര്‍ മരിച്ചതായും ഇന്ന് രാവിലെ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,45,380 ആയി ഉയര്‍ന്നു
നിലവില്‍ 80,722 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 4167 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.

കോവിഡ് മോശമായി ബാധിച്ച പത്തുരാജ്യങ്ങളില്‍ പത്താംസ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത് 43 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസങ്ങള്‍കൊണ്ട് പുതിയ കേസുകള്‍ പതിനായിരത്തിന് മുകളിലെത്തി. രോഗവ്യാപനത്തിന്റെ വേഗത ആശങ്ക ജനിപ്പിക്കുന്നതാണ്. രോഗ്യവ്യാപനത്തിന്റെ മൂര്‍ധന്യാവസ്ഥ രാജ്യം അഭിമുഖീകരിക്കാന്‍ പോകുന്നതേയുള്ളൂവെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

Tags

Related Articles

Back to top button
Close