സന്തോഷ് കുന്നുപറമ്പില്‍
കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ ലോകത്തെ തന്നെ മാറ്റി മറിക്കുകയാണ് ലോക സമ്പദ്ഘടനയ്ക്ക് കോവിഡ് ഏല്‍പ്പിച്ച ആഘാതം കനത്തതാണ്. കോവിഡിനു മുന്നില്‍ ഉലഞ്ഞ സാമ്പത്തിക രംഗത്തിന് പ്രതിരോധം തീര്‍ക്കാന്‍ ലോകത്തേ മിക്ക രാജ്യങ്ങളും ഇതിനോടകം സാമ്പത്തിക ഉത്തേജക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്ന് ലോക സമ്പദ് വ്യവസ്ഥ കരകയറാന്‍ ഏറ്റവും കുറഞ്ഞത് നാലു വര്‍ഷക്കാലത്തിലേറെ വേണ്ടിവരുമെന്നാണ് ലോകത്തിലെ പ്രധാന സാമ്പത്തിക ഏജന്‍സികള്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയെപ്പോലെ സാമ്പത്തിക മേഖലയില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിച്ചിരുന്ന വളരുന്ന സമ്പദ്ഘടനകള്ക്കെല്ലാം കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി കനത്ത ആഘാതം തന്നെയാണ്. 1996 ല്‍ ആണ് ഇന്ത്യയില്‍ എല്ലാ മൂന്നു മാസം കൂടുമ്പോഴും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വിളിച്ചറിയിക്കുന്നതിന്, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തേക്കുറിച്ചുള്ള കണക്കു വിവരങ്ങള്‍ പുറത്തുവിട്ടു തുടങ്ങിയത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തേ പുറത്തുവന്ന മൊത്തം ആഭ്യന്തര ഉല്പാദനം മുന്‍വര്‍ഷത്തേ അപേക്ഷിച്ച് 23.9 ശതമാനം ആണ് കുറഞ്ഞിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.2 ശതമാനം വളര്‍ച്ച കാണിച്ചിടത്താണ് ഇപ്പോള്‍ വന്‍ തളര്‍ച്ച നേരിടേണ്ടി വന്നത്. സാമ്പത്തിക മാന്ദ്യം ഇടക്കാലത്ത് ലോകമെമ്പാടും ഉണ്ടായപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടനക്ക് കാര്യമായ തിരിച്ചടികള്‍ ഉണ്ടായിരുന്നില്ല. രാജ്യത്തെ സാമ്പത്തിക രംഗത്തേക്കുറിച്ച് വ്യക്തമായ കണക്കുകള്‍ നല്കുന്ന ദേശിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നല്കുന്ന കണക്കുകള്‍ പ്രകാരം എല്ലാ മേഖലകളും കൂപ്പുകുത്തുമ്പോള്‍ കാര്‍ഷിക മേഖലയില്‍ കോവിഡ് കാലത്തും വളര്‍ച്ച കാണിക്കുന്നു എന്നത് ഏറെ ശ്രദ്ധേയം ആണ്. സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം 2020-21 ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 10.9 ശതമാനം ആയിരിക്കും എന്നാണ് സൂചന. റിസര്‍വ്വ് ബാങ്കും ഒന്നാംപാദ ആഭ്യന്തര ഉല്പാദ തളര്‍ച്ച രണ്ടാം പാദത്തിലും ഉണ്ടാകുമെന്നുള്ള കണക്കുകൂട്ടലിലാണ്. കോവിഡ് കാലത്ത് എല്ലാ മേഖലയിലും തളര്‍ച്ച ഉണ്ടായപ്പോള്‍ നമ്മുടെ കാര്‍ഷിക മേഖലയില്‍ 3.4 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. രണ്ടാം പാദത്തിലും കാര്‍ഷിക മേഖല കൂടുതല്‍ മെച്ചപ്പെട്ട നിലയിയില്‍ ആയിരിക്കും എന്നു തന്നെയാണ് കരുതുന്നത്. രാജ്യത്തേ കാര്‍ഷിക മേഖലക്ക് ഏറെ ഗുണം ചെയ്യുന്ന വിധത്തില്‍ മണ്‍സൂണ്‍ ലഭ്യമായതോടെ കാര്‍ഷിക രംഗത്തേ പ്രതീക്ഷകള്‍ ഏറിയിരിക്കുകയുമാണ്. കോവിഡ് കാലത്തേ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ നിര്‍മ്മാണ-വ്യവസായ-ഖനന മേഖലക്കാണ് ഏറ്റവും കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. യഥാക്രമം 50.3, 39.3 ശതമാനവും ഖനന മേഖലയില്‍ 23 ശതമാനത്തോളം ആണ് തളര്‍ച്ച ഉണ്ടായത്. രാജ്യത്തെ യാത്രാ വാഹന വില്‍പ്പന മേഖലയും ഓഹരി വിപണിയും ഐടി മേഖലയും കോവിഡ് പ്രതിസന്ധിയെയും തുടര്‍ന്നുണ്ടായ തളര്‍ച്ചയേയും വേഗത്തില്‍ തന്നെ അതിജീവിച്ചതായാണ് കാണുന്നത്. ഓഹരി വിപണിയില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വ്യാപകമായി നിക്ഷേപം നടത്തുന്നതിന്റെ കണക്കുകള്‍ കോവിഡ് കാലത്ത് പുറത്തു വന്നിട്ടുള്ളത് വിപണിക്ക് കരുത്തായിട്ടുണ്ട്. എന്നാല്‍ കയറ്റുമതി മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ് കോവിഡ് നല്‍കിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപഭോഗം കുറഞ്ഞതും വിലയിടിവും ആണ് ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്. ഐടി മേഖലയില്‍ കോവിഡ് വന്‍ മാറ്റങ്ങള്‍ക്ക് വഴി തിരിച്ചിരിക്കുകയാണ്. എങ്കിലും പ്രതിസന്ധി വേഗത്തില്‍ തരണം ചെയ്യാന്‍ സാധിക്കുന്ന സ്ഥിതിയിലാണ്. എല്ലാ മേഖലയിലും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ദീര്‍ഘകാലം നീളുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല. പ്രതിസന്ധിയെ അതിജീവിക്കാന്‍ ജനങ്ങളുടെ കൈകളിലേക്ക് കൂടുതല്‍ പണം എത്തേണ്ടതുണ്ട്. സാമ്പത്തിക പാക്കേജുകള്‍ അതിനുപകരിച്ചാല് ഒരു പക്ഷേ ലോകത്തേ മറ്റേതൊരു രാജ്യത്തേക്കാളും വേഗത്തില്‍ നമ്മള്‍ക്ക് കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ഇടയൊരുക്കിയേക്കും. നമ്മുടെ രാജ്യത്ത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ ഒന്നും ഏല്‍ക്കാത്ത മേഖലയായി കാര്‍ഷിക മേഖല മാറിയിട്ടുണ്ടെങ്കില്‍ ഭാവിയില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി കാര്‍ഷികരംഗം മാറും എന്ന കാര്യത്തില്‍ തര്‍ക്കം ഇല്ല.