
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് നിയന്ത്രണത്തിന്റെ ഖത്തര്‍ മാതൃക ശ്രദ്ധേയമാകുന്നു. കേവലം 28 ലക്ഷം ജനങ്ങളുള്ള കൊച്ചു രാജ്യമായ ഖത്തറില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍ ശാസ്തീയവും വ്യവസ്ഥാപിതവുമായ രീതികളിലൂടെ 98934 പേരും രോഗമുക്തരായി ഖത്തര്‍ സാധാരണ നിലയിലേക്ക് അതിവേഗം മുന്നേറുന്നുവെന്നതാണ് ഖത്തറിന്റെ മാതൃകയെ സവിശേഷമാക്കുന്നത്.
പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലുളള ഗണ്യമായ കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയും പ്രതീക്ഷ നല്‍കുന്നതോടെ. ജാഗ്രതയോടെ കോവിഡ് 19 നെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം വളരെ വേഗത്തിലാണ് കുതിക്കുന്നത്.
ഖത്തറിലെ യുവ ജനസംഖ്യ, വിപുലമായ പരിശോധന സംവിധാനങ്ങളും സൗകര്യവും, വിദഗ്ധമായ ആരോഗ്യ പരിചരണവും ചികില്‍സയും, പ്രായമായവര്‍ക്കുള്ള പ്രത്യേക ശുഷ്രൂഷ, മികച്ച ക്വാറന്റൈന് സംവിധാനം മുതലായവയാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണത്തിന് സഹായിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
അയല്‍ രാജ്യങ്ങളൊക്കെ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ സ്വീകരിച്ചു നീങ്ങിയപ്പോഴും രാജ്യത്തു ലോക്ക് ഡൌണ്‍ പൂര്‍ണമായി നടപ്പിലാക്കാതെ നിയന്ത്രണങ്ങളും മികച്ച ചികിത്സയും പോഷക ഭക്ഷണങ്ങളും നല്‍കിയാണ് ഖത്തര്‍ കോവിഡ് നിയന്ത്രണത്തിന്റെ പുതിയ പ്രോട്ടോകോളുകള്‍ പരീക്ഷിച്ച് വിജയിച്ചത്.
രോഗികളുടെ എണ്ണം കൂടിയപ്പോഴും ലോകത്ത് ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്ക് നിലനിര്‍ത്താനായത് രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളുടേയും ശ്രദ്ധയുടേയും ഫലമായാണ്.
രോഗനിര്‍ണയ ചികില്‍സ രംഗങ്ങളിലൊക്കെ സ്വദേശികളേയും പ്രവാസികളെയും ഒരു പോലെ പരിഗണിച്ചു ഏറ്റവും മികച്ച സേവനങ്ങളും നല്കി ലോകത്തിന് മാതൃക സൃഷ്ടിച്ച ഖത്തര്‍ ഏകമാനവികതയുടെ ഉദാത്തമായ പാഠങ്ങളാണ് അടയാളപ്പെടുത്തുന്നത്. രോഗികളുടെ നാഷണാലിറ്റി ഒരിക്കലും വ്യക്തമാക്കാതെ ഖത്തര്‍ കാണിച്ച കരുതല്‍ ഏറെ ശ്ളാഘനീയമാണെന്ന ഇന്ത്യന്‍ അംബാസിഡര്‍ പി. കുമരന് അഭിപ്രായപ്പെട്ടത് ഓര്‍ക്കുന്നു.
കൊറോണയും സാമ്പത്തിക പ്രതിസന്ധിയും കാരണം ഓരോ രാജ്യങ്ങളും തങ്ങളുടെ താല്പര്യങ്ങളുടെ തടവറയില്‍ കഴിയുമ്പോഴും പ്രയാസമനുഭവിക്കുന്ന രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കുന്നതില്‍ മുന്നില്‍ നിന്നാണ് ഖത്തര്‍ മാതൃക കാണിക്കുന്നത്. ഖത്തറില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള നല്ല മനുഷ്യരുടെ പ്രാര്‍ത്ഥനയും ആശിര്‍വാദവും ഈ രാജ്യത്തിന്റെ സൗഭാഗ്യമാണ്.