LATESTNATIONAL

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധന സഹായം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് നേരിട്ട് സാമ്പത്തിക സഹായം നല്‍കാനാവില്ല. ധനസഹായം നല്‍കിയാല്‍ കോവിഡ് പ്രതിരോധത്തിനായുള്ള ഭാവി പദ്ധതികളെ ബാധിക്കുമെന്നും ഇത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ മേഖലകളിലെ വിദഗ്ദരുമായി ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്.
വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുന്നതിന് കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടതുണ്ട്. ദുരന്ത നിവാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്ന തുകയ്ക്കും പരിമിതികളുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുക അനുവദിച്ചിട്ടുണ്ട്. ധനസഹായം നല്‍കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുളള പൊതുതാല്‍പര്യഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞിരുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് പരിഗണനയിലാണെന്നായിരുന്നു ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയത്. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിലപാട് അറിയിക്കാന്‍ ജൂണ്‍ 21 വരെ കോടതി സമയം നല്‍കുകയായിരുന്നു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും.
നേരത്തെ കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികള്‍ക്ക് കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പി. എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോള്‍ പ്രതിമാസ സ്‌റ്റൈപന്‍ഡ് നല്‍കും.അഞ്ചു വര്‍ഷത്തേക്കാണ് പ്രതിമാസ സ്‌റ്റൈപന്‍ഡ്. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നല്‍കുക.
കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളില്‍ ആണ് പഠനം എങ്കില്‍ ചെലവ് സര്‍ക്കാര്‍ വഹിക്കും. 11നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായിക്കും. സ്‌കോളര്‍ഷിപ്പ് അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker