BREAKING NEWSKERALA

കോവിഡ് മരണം കൂടുന്നു… സാമുദായിക സംഘടനകളുടെ ശ്മശാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമുദായിക സംഘടനകളുടെ ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അതാവശ്യ ഘട്ടം വന്നാല്‍ ഉപയോഗപ്പെടുത്താനാണിത്. ഇത്തരത്തില്‍ തയാറുള്ള സ്ഥലങ്ങളില്‍ വേണ്ട സൗകര്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കി കൊടുക്കും. ജില്ലാതലങ്ങളില്‍ ഇതിന്റെ കണക്ക് തയ്യാറാക്കി സൗകര്യങ്ങള്‍ വിലയിരുത്താനുള്ള നടപടികള്‍ നടന്നു വരികയാണ്.
നിലവില്‍ സംസ്ഥാനങ്ങളിലെ പൊതു ശ്മശാനങ്ങളില്‍ തീയണയ്ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ശ്മശാനങ്ങള്‍ പുലര്‍ച്ചെമുതല്‍ അര്‍ധരാത്രിവരെ നിറുത്താതെ പ്രവര്‍ത്തിക്കുകയാണ്. എന്നിട്ടും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. തിരുവനന്തപുരത്തെ ശാന്തികവാടമുള്‍പ്പെട ഭൂരിഭാഗം പ്രദേശങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഇതു മറികടക്കാനാണ് സമുദായ സംഘടനകളുടെ ശ്മശാനങ്ങള്‍ കൂട്ടിചേര്‍ത്ത് വിപുലമാക്കുന്നത്.
കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്കു അപ്പുറത്തേക്ക് പോകുകയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തിനിടെ ഉണ്ടായത് വന്‍ വര്‍ദ്ധനവ്. മരണ നിരക്കും കൂടിയിട്ടുണ്ട്. ജീവന്റെ അവസാനശ്വാസനത്തിനായി പിടയുന്നവര്‍ക്കുളള വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പരിമിതം.
ഗ്രാമപ്രദേശങ്ങളിലും കൊവിഡ് നിരക്കു കൂടുതലാണ്. ജനിതക വ്യതിയാനം വന്ന വൈറസുകളുടെ വ്യാപന ശേഷി വളരെ വലുതാണ്. പല കുടുംബങ്ങളിലും കൊവിഡ് മരണങ്ങള്‍ കണ്ണീര്‍ കടലായി മാറുകയാണ്. അന്യ സംസ്ഥാനങ്ങളിലുള്‍പ്പടെ ജോലിയ്ക്കായി പോയി അവിടെ രോഗം ബാധിച്ച് മരിച്ചവരെ സ്വന്തം മണ്ണില്‍ പോലും കൊണ്ടു വന്ന സംസ്‌കരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
കേരളത്തില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 274 പേരെ എസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു.കൊവിഡ് വ്യാപനത്തിനു ശേഷം ഇത്തരമൊരു വര്‍ധന ആദ്യമായാണ്. നിലവില്‍ ഐസിയുകളില്‍ 2323 പേരും, വെന്റിലേറ്ററില്‍ 1138 പേരും ചികിത്സയിലുണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളം, കോട്ടയം എന്നിവിടങ്ങളില്‍ സ്ഥിതി ആശങ്കാജനകമാണ്. എറണാകുളം ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി.കൊച്ചികോര്‍പ്പറേഷനിലുംമുന്‍സിപ്പാലിറ്റികളിലും സ്ഥിതി രൂക്ഷമാണ്. രോഗവ്യാപനം തടയാനായി കേരളം പ്രഖ്യാപിച്ച ലോക്‌ഡൌണ്‍ ആരംഭിച്ചു.
കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര മേഖലകളിലും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. പല സ്ഥലങ്ങളും കണ്ടെയിന്റ്‌മെന്റ് സോണായി തിരിച്ചിട്ടുണ്ടെങ്കിലും മരണ നിരക്കും രോഗം ബാധിക്കുന്നവരുടെ എണ്ണവും പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല.
നിലവില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളം മൂന്നാമതാണ്. മഹാരാഷ്ട്രയാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒന്നാമത്. കര്‍ണാടകയാണ് രണ്ടാമത്. രോഗ വ്യാപനം കൂടിയതോടെ കൊവിഡ് സുരക്ഷാ ഉപകരണങ്ങള്‍ക്കും ദൗര്‍ലഭ്യം നേരിടുന്നുണ്ട്. പിപി കിറ്റുകള്‍ മാസ്‌ക്കുകള്‍ എന്നിവ കിട്ടാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനുള്ള ശ്രമത്തിലാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker