LATESTBREAKING NEWSNATIONAL

കോവിഡ് മൂന്നാംതരംഗം നേരിടാന്‍ തയ്യാറെടുക്കണം: കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം; കേന്ദ്രത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സുപ്രീംകോടതി. വൈറസിന്റെ മൂന്നാംതരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. അതിനാല്‍ ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതിസന്ധി നേരിടാന്‍ വ്യക്തമായ പദ്ധതികള്‍ ഉടന്‍തന്നെ ആവിഷ്‌കരിക്കുകയാണെങ്കില്‍ മൂന്നാം തരംഗത്തെ മറികടക്കാന്‍ രാജ്യത്തിന് സാധിക്കുമെന്നും ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എംആര്‍ ഷായും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
കോവിഡ് മൂന്നാംതരംഗം ഉടനുണ്ടാകുമെന്നും ഇത് കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സ്വാഭാവികമായും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുമ്പോള്‍ അവരോടൊപ്പം മാതാപിതാക്കളും വരും. അതിനാല്‍ ഈ പ്രായപരിധിയിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. വാക്‌സിനേഷന്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്ത് ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും കോടതി പറഞ്ഞു.
കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ എംബിബിഎസ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഒന്നര ലക്ഷത്തോളം ഡോക്ടര്‍മാരും രണ്ടര ലക്ഷത്തോളം നഴ്‌സുമാരും അവരുടെ വീടുകളിലുണ്ട്. കോവിഡ് മൂന്നാംതരംഗത്തില്‍ അവരുടെ സേവനങ്ങള്‍ നിര്‍ണായകമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയിലെ തുടര്‍നടപടികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ഡല്‍ഹി ഹൈക്കോടതി വിധി കഴിഞ്ഞദിവസം സ്റ്റേ ചെയ്ത സുപ്രീംകോടതി ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ എത്തിക്കാനുള്ള പദ്ധതി വിശദീകരിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
730 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ഓക്‌സിജന്‍ വിതരണം ഏകപക്ഷീയമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചു.
ഡല്‍ഹിക്ക് ആവശ്യമായ ഓക്‌സിജന്‍ നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച മാനദണ്ഡം പുനപരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഐസിയു കിടക്കകളും ആശുപത്രിയിലെ രോഗികളെയും മാത്രം അടിസ്ഥാനമാക്കിയാണ് കേന്ദ്ര മാനദണ്ഡം. ഡല്‍ഹിയിലെ വീടുകളില്‍ ചികിത്സയിലുള്ളവര്‍ക്കും ആംബുലന്‍സുകളിലും ആവശ്യമായ ഓക്‌സിജന്‍ കണക്കുകള്‍ ഈ മാനദണ്ഡത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button