BREAKING NEWSLATESTNATIONAL

കോവിഡ് മൂന്നാം തരംഗം: മുഖ്യഭീഷണി വൈറസിന്റെ ജനിതക മാറ്റം

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തില്‍ നേരിടേണ്ടി വരുന്ന 3 സാഹചര്യങ്ങള്‍ കേന്ദ്ര ശാസ്ത്ര– സാങ്കേതിക വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതി വിലയിരുത്തി. വൈറസിന് അപകടകരമായ ജനിതക മാറ്റം സംഭവിക്കുന്നില്ലെങ്കില്‍ പൊതുവേ വ്യാപനം കുറയുമെന്നാണു കണക്കുകൂട്ടല്‍.
ഓഗസ്റ്റോടെ ജീവിതം സാധാരണ നിലയിലേക്കു പോകുകയും പുതിയ വൈറസ് വകഭേദങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം. അങ്ങനെ വന്നാല്‍, കേസുകള്‍ കാര്യമായി ഉയരാത്ത മൂന്നാം തരംഗമാകാം ഉണ്ടാകുന്നത്. ജീവിതം സാധാരണ നിലയിലേക്കു പോകുകയും പുതിയ വകഭേദങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴും കുത്തിവയ്പിലൂടെ പ്രതീക്ഷിക്കുന്ന ഫലപ്രാപ്തിയില്‍ 20% വരെ കുറവ്. അപ്പോഴും രണ്ടാം തരംഗത്തിലേതു പോലെ വ്യാപനം ഉണ്ടാകില്ല. വൈറസിന് അപകടകരമായ ജനിതക മാറ്റം സംഭവിക്കുക. ഇപ്പോഴുള്ള വൈറസ് വകഭേദങ്ങളെക്കാള്‍ 25 % വരെ കൂടുതല്‍ വ്യാപന ശേഷിയുള്ള ജനിതക മാറ്റമാണ് സംഭവിക്കുന്നതെങ്കില്‍ മൂന്നാം തരംഗം കൂടുതല്‍ അപകടകരമാകാം.
വൈറസിനു അപകടകരമായ ജനിതകമാറ്റം ഉണ്ടാകാതിരിക്കേണ്ടത് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയാന്‍ അനിവാര്യമാണെന്നു ശാസ്ത്ര സാങ്കേതിക വകുപ്പ് നിയോഗിച്ച സമിതി അംഗവും ഐഐടി കാന്‍പുറിലെ അധ്യാപകനുമായ മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി. രണ്ടാം തരംഗത്തിനു കാരണമായ ഡെല്‍റ്റ വകഭേദത്തോളം അപകടകാരിയല്ല പിന്നീടു രൂപപ്പെട്ട ഡെല്‍റ്റ പ്ലസ് എന്ന വിലയിരുത്തലിലാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും.
കുത്തിവയ്പ് എത്ര കണ്ട് മുന്നേറുന്നോ അത്രകണ്ടു നാലാം തരംഗത്തിനുള്ള സാധ്യത കുറയ്ക്കാമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുകെയാണ് ഉദാഹരണം. ജനുവരിയില്‍ 60,000 കേസുകളും 1200 മരണവും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്തു നാലാം തരംഗത്തില്‍ 21,000 കേസും 14 മരണവും എന്ന നിലയിലേക്കു കുറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker