KERALALATEST

കോവിഡ് വ്യാപനം ശക്തം; മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ടിവി സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിച്ച് കച്ചവടം നടത്തണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം. വീട്ടു സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ്ആപ്പില്‍ നല്‍കിയാല്‍ എത്തിക്കാന്‍ ഡെലിവറി സംവിധാനം ഒരുക്കണം.
ഓരോ വ്യക്തിയും സ്വയം ലോക്ഡൗണിലേക്കു പോകണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആഘോഷങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കുമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുമെന്നും ഉറപ്പാക്കണം. മാസ്‌കിനു മുകളില്‍ മറ്റൊരു മാസ്‌ക് കൂടി ധരിക്കുന്നത് അണുബാധ ഏല്‍ക്കുന്നത് വലിയ തോതില്‍ തടയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത സമ്പര്‍ക്കത്തില്‍ അല്ലാതെയും രോഗം പടരുന്നു എന്നതാണ് രണ്ടാമത്തെ തരംഗത്തില്‍ കാണുന്ന പ്രത്യേകത. രോഗാണു ഏറെ നേരം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ജനിതക വ്യതിയാനം വന്ന വൈറസിനു മനുഷ്യശരീരത്തിലേക്കു കടക്കാന്‍ കഴിവ് കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഉത്തരവാദിത്തത്തോടെ പെരുമാറണം. വീടുകളിലിരുന്നു ഫലമറിയണം. ആഹ്ലാദപ്രകടനം പാടില്ല. ആള്‍ക്കൂട്ടം സൃഷ്ടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. രോഗവ്യാപനം കൂട്ടുന്ന ദിവസമായി ഫലപ്രഖ്യാപന ദിവസം മാറ്റരുത്.
വാര്‍ഡുതല സമിതികള്‍ കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ജനമൈത്രി സന്നദ്ധസേനയുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലും ശക്തമാക്കും. ഓക്‌സിജന്‍ സിലിണ്ടറുകള്‍ പ്രാദേശികമായി ലഭ്യമാക്കാന്‍ ശ്രമം ഊര്‍ജിതമാക്കി. കൊല്ലം ജില്ലയില്‍ കോവിഡ് നിയന്ത്രണം ലംഘിക്കുന്ന കടകള്‍ അടപ്പിക്കും. എറണാകുളത്ത് ഏതു സാഹചര്യവും നേരിടാന്‍ തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. 45 വയസിനു മുകളിലുള്ളവരുടെ മരണനിരക്ക് ആനുപാതികമായി കുറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button