BREAKING NEWSLATESTNATIONAL

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള 12-16 ആഴ്ചയാക്കി

ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന വിദഗ്ധ സമിതി ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. ഇതോടെ രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതി. ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ ഡോസ് എടുക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. അതേസമയം കോവാക്‌സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.
കോവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. നിലവില്‍ കോവിഡ് മുക്തരായവര്‍ക്ക് 12 ദിവസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാം. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവര്‍ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതി. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗമുക്തി നേടി നാല് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് കേന്ദ്ര വിദഗ്ധ സമിതിയുടെ നിര്‍ദേശം. .
ഗര്‍ഭിണികള്‍ക്ക് ആവശ്യമെങ്കില്‍ വാക്‌സിന്‍ എടുക്കാം. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിന്‍ എടുക്കാമെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അധ്യക്ഷനായ വാക്‌സിന്‍ വിദഗ്ധ സമിതി നിര്‍ദേശിച്ചിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതിനിടെയാണ് കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കേന്ദ്രസര്‍ക്കാര്‍ കൂട്ടിയത്.

Related Articles

Back to top button