കൊല്ലത്ത് കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരെ പോസ്റ്റർ പ്രതിഷേധം. കൊല്ലം ഡിസിസി ആർഎസ്പി ഓഫിസുകളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്റർ.
ഇന്നലെ രാത്രിയോടെയാണ് പോസ്റ്റർ പതിപ്പിച്ചത്. കോൺഗ്രസ് പാർട്ടിയെ ആർഎസ്എസിന് വിറ്റ് തുലച്ച, ആർഎസ്എസ് റിക്രൂട്ട് എജന്റായ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസിസി, ആർഎസ്പി ഓഫിസുകൾക്ക് മുൻപിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
അതേസമയം, തൃശൂരിൽ കെ മുരളീധരനും ആലപ്പുഴയിൽ കെ സുധാകരനും വേണ്ടി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതും വിവാദമായി. കെ മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് തൃശൂരിൽ പ്രത്യക്ഷപ്പെട്ടത്. കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ആലപ്പുഴയിൽ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെയാണ് ഫ്ലക്സ് ബോർഡ് പ്രതിഷേധം. ജില്ലാ കോൺഗ്രസ് നേതൃത്വത്തെ മാറ്റണമെന്നും സുധാകരനെ വിളിക്കണമെന്നുമാണ് ആവശ്യം.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കോൺഗ്രസിനെതിരെ വ്യാപക പോസ്റ്റർ പ്രതിഷേധം അരങ്ങേറുകയാണ്. കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും പേരിലായിരുന്നു ബോർഡ് വച്ചത്. തിരുവനന്തപുരം ഡി.സി.സിയിലും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു.