ചൈനയിലെ ഷാങ്ഹായ് കോടതിയില്‍ വാദം പൂര്‍ത്തിയായ വിചിത്രമായ ഒരു കേസ് സമൂഹ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ നേടി. ഭാര്യ മരിച്ച് ഒരു വര്‍ഷത്തിന് ശേഷം തന്റെ കുഞ്ഞാണെന്നും അതിനാല്‍ ഭാര്യയുടെ സ്വത്തില്‍ പാതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്‍കിയ കേസ് ചര്‍ച്ചാ വിഷയം. ഭാര്യ മരിക്കുന്നതിന് മുമ്പേ, അവളുടെ സമ്മതത്തോടെ തനിക്ക് വാടകഗര്‍ഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയാണെന്നാണ് യുവാവ് കോടതിയില്‍ അവകാശപ്പെട്ടത്.
അജ്ഞാതമായ ടിഷ്യു രോഗവും ക്യാന്‍സറും ബാധിച്ച് 2021 -ലാണ് ക്വിയു എന്ന് വിളിപ്പേരുള്ള ഭാര്യ മരിച്ചത്. ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. അതേസമയം ദമ്പതികളുടെ സംയുക്ത സ്വത്തില്‍ ഷാങ്ഹായില്‍ കോടികള്‍ വിലമതിക്കുന്ന രണ്ട് ഫ്‌ലാറ്റുകളും വലിയൊരു ബാങ്ക് സമ്പാദ്യവും ഉണ്ടായിരുന്നു. ചൈനീസ് നിയമം അനുസരിച്ച് ക്വിയുവിന്റെ സ്വത്തുക്കള്‍ തൊണ്ണൂറ് വയസ് പിന്നിട്ട അച്ഛനമ്മമാര്‍ക്കും ഭര്‍ത്താവ് ലിനും തുല്യമായി വിഭജിക്കണം. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം കുട്ടികളില്ലാതിരുന്ന ക്വിയുവിന്റെ അച്ഛനമ്മമാര്‍ അവളെ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. ക്വിയുവിനും ലിനിനും കുട്ടികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ഒരു കുഞ്ഞ് വേണമെന്ന് ക്വിയുവിന്റെ ആവശ്യപ്രകാരം താനും ഭാര്യയും മുമ്പ് ഒരു വിദേശ ഏജന്‍സിയുമായി ബന്ധപ്പെട്ടിരുന്നെന്നും അങ്ങനെയുണ്ടായതാണ് കുഞ്ഞെന്നും ലിന്‍ കോടതിയില്‍ വാദിച്ചു.
എന്നാല്‍, ക്വിയുവിന്റെ വളര്‍ത്തമ്മ ലിന്റെ അവകാശവാദം തള്ളി. മാത്രമല്ല. കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് അവര്‍ സംശയം ഉന്നയിച്ചു. മെഡിക്കല്‍ രേഖകള്‍ ലിന്‍ കുഞ്ഞിന്റെ അച്ഛനാണെന്ന് തെളിയിച്ചാലും ക്വിയുവിന്റെ കുഞ്ഞല്ല അതെന്ന് അവര്‍ വാദിച്ചു. ക്യാന്‍സര്‍ രോഗിയായിരുന്ന മകള്‍ വര്‍ഷങ്ങളായി മരുന്നുകളിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനാല്‍ തന്റെ മകളുടെ അണ്ഡാശയം ഉപയോഗിച്ച് കൊണ്ട് ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ വാദിച്ചു. മാത്രമല്ല, മരണത്തിന് മുമ്പ് മകള്‍ അത്തരമൊരു ആവശ്യം ഒരിക്കല്‍ പോലും ഉന്നയിച്ചിരുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ചൈനയില്‍ വാടക ഗര്‍ഭധാരണത്തിന് നിയന്ത്രണവുമുണ്ടെങ്കിലും വാടക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവിക കുഞ്ഞുങ്ങള്‍ക്കുള്ള അതേ അധികാരാവകാശങ്ങളുണ്ട്.
സങ്കീര്‍ണ്ണമായ കേസില്‍ ക്വിയുവിന്റെ അച്ഛനമ്മമാര്‍ വളര്‍ത്തച്ഛനും വളര്‍ത്തമ്മയും ആയതിനാലും ക്വിയു മരിച്ചതിനാലും കുഞ്ഞും ക്വിയുവുമായുള്ള ബന്ധം ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം ലിന്റെ മൊഴികളില്‍ പലതും വൈരുദ്ധമുള്ളാതണെന്നും കോടതി ചൂണ്ടിക്കാട്ടി. 2016 -ലാണ് വാടകഗര്‍ഭധാരണത്തിനായി തായ്‌ലന്‍ഡിലേക്ക് പോയതായി ലിന്‍ അവകാശപ്പെട്ടത്. എന്നാല്‍ ആ വര്‍ഷം ലിന്‍ രാജ്യാതിര്‍ത്തി കടന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. മാത്രമല്ല, കുഞ്ഞിന്റെ അമ്മയാണ് ക്വിയുവെന്ന് തെളിയിക്കാന്‍ ആവശ്യമായ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ ലിനിന് കഴിഞ്ഞില്ല. ഇതോടെ ക്വിയുവിന്റെ സ്വത്ത് കുഞ്ഞിന്റെ പേരിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
51 1 minute read