ART & CULTUREBREAKING NEWSKERALA

ക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ്മ പുതുക്കലില്‍ ക്രൈസ്തവര്‍ക്ക് ഇന്ന് ഓശാന ഞായര്‍

യേശുദേവന്റെ ജറുസലേം പ്രവേശനം അനുസ്മരിച്ച് ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കുന്നു. ജെറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവന്‍ കടന്നു ചെല്ലുമ്പോള്‍ നഗരവാസികള്‍ ഒലീവ് ഇല കൊമ്പുമായി സ്വീകരിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ഓശാനത്തിരുനാള്‍. കുരുത്തോലകളുമായാണ് വിശ്വാസികള്‍ ഈ ദിനം ചടങ്ങുകളില്‍ പങ്കെടുക്കുക . ഓശാന ഞായറിന്റെ ഭാഗമായി വിവിധ ദേവാലയങ്ങളില്‍ ചടങ്ങുകള്‍ നടക്കും.
കഴുതയുടെ പുറത്ത് വിനയാന്വിതനായി ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓര്‍മയാചരണമാണ് ഓശാന ഞായര്‍. ഓശാന, ഓശാന എന്നു പറഞ്ഞാണ് ജറുസലേം ജനത ക്രിസ്തുവിനെ വരവേറ്റത്. ഓശാന, ഹോസാന എന്നതിന് ‘രക്ഷിക്കണേ’, ‘സഹായിക്കണേ’ എന്നൊക്കെയാണ് അര്‍ത്ഥം. ജറുസലേം നഗരം മുഴുവന്‍ ഇളകിമറിഞ്ഞ് സൈത്തിന്‍ കൊമ്പുകളും ഒലിവിലകളും വീശി ക്രിസ്തുവിനെ ആര്‍പ്പുവിളിച്ച് സ്വീകരിച്ചതിന്റെ ഓര്‍മയാണ് ഓരോ ഓശാന ഞായറും.
ഈ ദിവസം പള്ളികളില്‍, പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. വിശ്വാസികള്‍ കുരുത്തോലയെ വളരെ ഭക്തിയോടെ കൈകാര്യം ചെയ്യുകയും വീട്ടില്‍ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു.
എറണാകുളം സെന്‍ മേരീസ് ബസിലിക്കയില്‍ രാവിലെ നടക്കുന്ന ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കും. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങുകളില്‍ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനാകും. പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉള്‍പ്പെടുന്ന വിശുദ്ധവാര ചടങ്ങുകള്‍ക്കും ഓശാന ഞായറോടെ തുടക്കമാകും.
കഴിഞ്ഞ വര്‍ഷം കോവിഡ്‌ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ വിശ്വാസികള്‍ വീടുകളില്‍ തന്നെയായിരുന്നു ഓശാന ഞായര്‍ ആഘോഷിച്ചത്. കോവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി ദേവാലയങ്ങളിലെ ആരാധന ചടങ്ങുകളില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു . പൊതുജനങ്ങളെ ആരാധന ചടങ്ങുകളില്‍ പങ്കെടുപ്പിക്കരുതെന്നും വാതിലുകള്‍ അടച്ചിട്ട് വേണം ചടങ്ങുകള്‍ നടത്താനെന്നുമായിരുന്നു ഉത്തരവ്. അതു പാലിച്ചാണ് കഴിഞ്ഞ തവണ ഓശാന ഞായറാഴ്ചയുടെ തിരുക്കര്‍മ്മങ്ങള്‍ ദേവാലയങ്ങളില്‍ നടന്നത്. വൈദികനും ശുശ്രൂഷകരും മാത്രമുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പിക്കലുകളാണ് നടന്നത്.

Related Articles

Back to top button