BREAKING NEWSKERALA

ക്ലാസ് മുറിക്കകത്ത് വിഷപ്പാമ്പ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചുറ്റി

പാലക്കാട്: മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗുരുതര അനാസ്ഥ. ക്ലാസ് മുറിക്കകത്ത് വച്ച് വിദ്യാര്‍ത്ഥിനിയുടെ കാലില്‍ പാമ്പ് ചുറ്റി. ഉഗ്ര വിഷമുള്ള പാമ്പുകളില്‍ ഒന്നായ വെള്ളിക്കെട്ടന്‍ ആണ് കുട്ടിയുടെ കാലിലൂടെ ഇഴഞ്ഞത്. ഉടന്‍ തന്നെ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് നിഗമനം. കുട്ടിയെ നിരീക്ഷണത്തിലാക്കി. പാമ്പ് കടിയേറ്റ പാട് ശരീരത്തിലില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പാലക്കാട് മങ്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇന്ന് രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം ഉണ്ടായത്. രാവിലെ സ്‌കൂളിലെത്തിയ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ആശ്രയ ക്ലാസ് മുറിയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വിഷപ്പാമ്പിനെ ചവിട്ടിയത്. ഉടനെ കുട്ടിയുടെ കാലില്‍ പാമ്പ് ചുറ്റി. കാല്‍ ശക്തിയായ കുടഞ്ഞതോടെ പാമ്പ് തെറിച്ചുപോയി. സമീപത്തെ അലമാരയില്‍ കയറി.
കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന അധ്യാപകര്‍ പാമ്പിനെ പിടികൂടി തല്ലിക്കൊന്നു. സ്‌കൂളിന്റെ പരിസരം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പാമ്പ് ക്ലാസ് മുറിക്കകത്ത് കയറാന്‍ വഴിയൊരുക്കിയത് ഇത് നീക്കം ചെയ്യുന്നതില്‍ വരുത്തിയ വീഴ്ചയാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. സ്‌കൂളില്‍ നാട്ടികാര്‍ പ്രതിഷേധിച്ചു. പരിഹാര നടപടികള്‍ ഉണ്ടാകുന്ന വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാര്‍ വ്യക്തമാക്കി.
നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് വിദ്യാര്‍ത്ഥിനി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. മങ്കര സ്വദേശി സന്തോഷിന്റെ മകളാണ് ആശ്രയ. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്‌കൂളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker