BREAKING NEWSKERALA

ക്ഷേത്രത്തില്‍ മന്‍സിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല; നിലപാട് മാറ്റി വിശ്വ ഹിന്ദു പരിഷത്ത്

കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തിലെ മന്‍സിയയുടെ നൃത്തവിലക്കില്‍ നിലപാട് മയപ്പെടുത്തി വിഎച്ച്പി. ക്ഷേത്രത്തില്‍ മന്‍സിയ നൃത്തം അവതരിപ്പിക്കുന്നതിനെ പിന്തുണക്കുന്നില്ല. ക്ഷേത്രാചാരപ്രകാരം അഹിന്ദുക്കള്‍ക്ക് കൂടല്‍മാണിക്യ ക്ഷേത്രത്തിനകത്ത് കയറാനാകില്ല. ക്ഷേത്രാചാരത്തെ കുറിച്ച് വ്യക്തമായി അറിയാവുന്ന ഭരണസമിതി സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടിയാണ് മന്‍സിയയെ ക്ഷണിച്ചതെന്നും വിഎച്ച്പി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മതപരിവര്‍ത്തനം നിരോധിക്കുന്നതിന് സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും കൊച്ചിയിലെത്തിയ വിഎച്ച്പി രാജ്യാന്തര സെക്രട്ടറി ജനറല്‍ മിലിന്ദ് എസ് പരാന്തേ ആവശ്യപ്പെട്ടു.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ വിലക്ക് നേരിട്ട നര്‍ത്തകി വി പി മന്‍സിയക്ക് വിശ്വ ഹിന്ദു പരിഷത്ത് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടറി വി ആര്‍ രാജശേഖരനുമാണ് പ്രസ്താവനയില്‍ കൂടല്‍മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നത്. ഇടതു സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡാണ് മന്‍സിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്‌കാരത്തിന് എതിരായ തീരുമാനമാണെന്നും വിഎച്ച്പി വിമര്‍ശിച്ചു. വിശ്വ ഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂര്‍ പാവക്കുളം ശിവ ക്ഷേത്രത്തില്‍ മന്‍സിയക്ക് സ്വീകരണം നല്‍കാനും നൃത്തം അവതരിപ്പിക്കാനും തീരുമാനിച്ചിരുന്നു. വേണ്ടി വന്നാല്‍ വിഎച്ച്പിക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നല്‍കുമെന്നും ദേവസ്വം ബോര്‍ഡിന്റെ നടപടി ദുരൂഹമെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ്. മതവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ പിടിച്ചുനിന്നത്. അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകള്‍ക്ക് വിലക്കുകള്‍ മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്.
അഹിന്ദു ആയതിനാലാണ് കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച ശേഷം മന്‍സിയക്ക് അവസരം നിഷേധിച്ചത്. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചിരുന്നു. ഇതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ പരിപാടി റദ്ദാക്കിയതായി വിളിച്ച് അറിയിച്ചത്.
വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker