BREAKING NEWSKERALALATEST

ക്‌നാനായ സമുദായത്തിനു പുറത്തു നിന്നായാലും വിവാഹത്തിനു കുറി കൊടുക്കണം; കോട്ടയം അതിരൂപതയ്‌ക്കെതിരെ ഹൈക്കോടതി

കൊച്ചി: സമുദായത്തിനു പുറത്തു നിന്നുള്ള ക്‌നാനായ വിഭാഗക്കാരുടെ വിവാഹത്തെ പിന്തുണച്ച് കേരള ഹൈക്കോടതി വിധി. ക്‌നാനായ വിഭാഗത്തിനു പുറത്തു നിന്നാണ് വിവാഹമെങ്കിലും കോട്ടയം ക്‌നാനായ അതിരൂപതയില്‍പ്പെട്ടവര്‍ക്ക് വിവാഹക്കുറി നല്‍കണമെന്നും ക്‌നാനായ സമുദായത്തില്‍ നിന്ന് പുറത്താക്കരുതെന്നുമാണ് കേരള ഹൈക്കോടതിയുടെ ഇടക്കാല വിധി. കേസില്‍ മൂന്നു മാസത്തിനകം തീരുമാനമുണ്ടാക്കാന്‍ അപ്പീല്‍ കോടതിയ്ക്ക് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ക്‌നായനായ സഭയ്ക്കുള്ളില്‍ പരിഷ്‌കരണത്തിനു വേണ്ടി വാദിക്കുന്ന ക്‌നാനായ കത്തോലിക്കാ നവീകരണ സമിതിയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയ്‌ക്കെതിരെ ഹര്‍ജിയുമായി കേരള കൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഇടക്കാല ഉത്തരവ്. സമുദായത്തിനു പുറത്തു നിന്ന് വിവാഹം ചെയ്യുന്നവരെ ക്‌നാനായ സമുദായത്തില്‍ നിന്നു പുറത്താക്കുന്നതാണ് രീതി. ഇത് തെറ്റാണെന്നും നടപടി അവസാനിപ്പിക്കണമെന്നും മുന്‍പ് വിചാരണക്കോടതി ഉത്തരവിട്ടിരുന്നു.
മറ്റൊരു രൂപതയില്‍പ്പെട്ട ആളെ കോട്ടയം അതിരൂപതയില്‍പ്പെട്ട (ക്‌നാനായ) ആള്‍ക്ക് വിവാഹം ചെയ്യാന്‍ താത്പര്യമുണ്ടെങ്കില്‍ ഈ വ്യക്തിയ്ക്ക് വിവാഹക്കുറി അല്ലെങ്കില്‍ എന്‍ഓസി ആവശ്യപ്പെട്ട് അതിരൂപതയെ സമീപിക്കാമെന്നും ഇത്തരത്തില്‍ അപേക്ഷ ലഭിച്ചാല്‍ കോട്ടയം രൂപതയിലെ അംഗത്വം അവസാനിപ്പിക്കുന്നതായുള്ള കത്ത് ആവശ്യപ്പെടാതെ തന്നെ കുറി നല്‍കണമെന്നുമാണ് ഹൈക്കോടതി നിര്‍ദേശം. വിവാഹത്തിന്റെ പേരില്‍ കോട്ടയം ക്‌നാനായ അതിരൂപതയിലെ അംഗത്വം ഉപേക്ഷിച്ചിട്ടുള്ളവരുടെ കാര്യവും ഹര്‍ജിയിലെ വിധിയെ ആശ്രയിച്ചിരിക്കും. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഇടക്കാലത്തേയ്ക്ക് മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, അപ്പീല്‍ കോടതിയുടെ തീരുമാനങ്ങളെ ഹൈക്കോടതി വിധി സ്വാധീനിക്കില്ലെന്നും വിഷയത്തില്‍ ചോദ്യങ്ങള്‍ ചര്‍ച്ചെ ചെയ്യാനുള്ള അപ്പീല്‍ കോടതിയുടെ സ്വാതന്ത്ര്യത്തെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഹനിക്കുന്നതല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനകം ഹര്‍ജിയില്‍ തീര്‍പ്പുണ്ടാക്കാനാണ് കീഴ്‌ക്കോടതിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ അപ്പീല്‍ കോടതിയെ സ്വാധീനിക്കരുതെന്നും കോടതി വ്യക്തമാക്കി.
ക്‌നാനായ വിഭാഗത്തിനു പുറത്തു നിന്നുള്ളയാളെ വിവാഹം ചെയ്താല്‍ സമുദായത്തില്‍ നിന്നു പുറത്താക്കുന്ന രീതിയ്‌ക്കെതിരെയാണ് ഒരു വിഭാഗം വിശ്വാസികള്‍ നിയമപോരാട്ടം തുടങ്ങിയത്. ഈ രിതി തെറ്റാണെന്നും മനുഷ്യത്വവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാര!് പറയുന്നത്. തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ സബ് കോടതി വിവാഹത്തോടു കൂടി വിശ്വാസികളെ സമുദായത്തില്‍ നിന്നു പുറത്താക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഈ വിധി അഡീഷണല്‍ ജില്ലാ കോടതി സ്റ്റേ ചെയ്തതോടെയാണ് സംഘടന ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവിനെ സഭയിലെ നവീകരണ വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker